trump

വാഷിംഗ്ടൺ: വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് നൽകി വരുന്ന മുൻഗണന അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടർന്നാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന.

വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറൻസസ് (ജി.എസ്.പി) പ്രോഗ്രാം പ്രകാരം 120 രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഇറക്കുമതിക്ക് നിലവിൽ യു.എസ് നികുതി ഈടാക്കുന്നില്ല. 39,400 കോടിയോളം രൂപ വരുന്ന ചരക്കുകൾ യു.എസിലേക്ക് കയറ്റി അയയ്ക്കുന്ന ഇന്ത്യ കരാറിന്റെ സുപ്രധാന ഗുണഭോക്താവാണ്.

ഇന്ത്യയ്ക്ക് വ്യാപാര ഇളവുകൾ അനുവദിച്ചിട്ടും യു.എസിന് ഇന്ത്യൻ കമ്പോളത്തിൽ ഇളവുകൾ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.
ഇതു സംബന്ധിച്ച് ഗുണഭോക്താക്കളായ രാജ്യങ്ങൾക്ക് അമേരിക്ക ഉടൻ നോട്ടീസ് നൽകും. 60 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ചർച്ചയ്ക്ക് അവസരമുണ്ട്. കാലാവധി അവസാനിക്കുന്നതോടെ ജി.എസ്.പി ലിസ്റ്റിൽ നിന്ന് ഇന്ത്യ പുറത്താകും. തുർക്കിക്കെതിരെയും സമാന നീക്കമാണ് യു.എസ് നടത്തുന്നത്.
അമേരിക്കൻ വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിരവധി വ്യാപാര തടസങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അമേരിക്കയുടെ ജി.എസ്.പി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു.

അമേരിക്കൻ ഉത്പന്നങ്ങൾക്കു വലിയതോതിൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനമെങ്കിലും ഇറക്കുമതി തീരുവ ചുമത്തണമെന്നും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാർഷിക സമ്മേളനത്തിൽ ട്രംപ് സൂചിപ്പിച്ചിരുന്നു.

''ഹാർലി ഡേവിഡ്സൺ ബൈക്ക് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്താൽ അതിന് അവർ 100 ശതമാനം നികുതി ചുമത്തും. എന്നാൽ ഇന്ത്യ ഒരു മോട്ടോർ സൈക്കിൾ യു.എസിൽ എത്തിച്ചാൽ നാം അതിനു നികുതി ഒന്നും ഈടാക്കുന്നില്ല. ഇത് അനുവദിക്കാനാവില്ല.

-ട്രംപ്