ന്യൂഡൽഹി: ബലാക്കോട്ടിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകൾ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. മിന്നലാക്രമണത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണ്. എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അറിയണമെങ്കിൽ കോൺഗ്രസ് പാകിസ്ഥാനിൽ പോയി അന്വേഷിക്കണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ബി.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ചോദിക്കുകയാണ് എത്ര ഭീകരർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന്. ഇന്നോ നാളെയോ അക്കാര്യങ്ങൾക്ക് വ്യക്തത വരും. പാകിസ്ഥാനും അവരുടെ നേതാക്കൾക്കും അറിയാം എത്ര പേർ കൊല്ലപ്പെട്ടെന്ന്. വ്യോമാക്രമണത്തിന് മുന്നോടിയായി ബലാക്കോട്ടിൽ ഏകദേശം 300 ഓളം മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിട്ടുണ്ട്. ഭീകരക്യാമ്പ് ആക്രമിക്കാൻ ഇന്ത്യ പദ്ധതിയിട്ടതോടെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ (എൻ.ടി.ആർ.ഒ) പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ആക്രമണത്തിന് ശേഷം വ്യോമസേന എത്ര പേർ കൊല്ലപ്പെട്ടെന്ന കണക്ക് എടുക്കാനാണോ പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. രാഷ്ട്ര നിർമ്മിതിക്കാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടത്, അല്ലാതെ ഒരു സർക്കാർ രൂപീകരിക്കാൻ മാത്രമാവരുത് രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, പാകിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ വ്യോമാക്രമണം നടത്തിയതെന്നും ഇതൊരു സൈനിക നടപടിയായിരുന്നില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു. ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയ അന്നുതന്നെ വിദേശകാര്യസെക്രട്ടറി വിജയ് ഖോഗലെ വാർത്താസമ്മേളനം നടത്തിയിരുന്നു. പക്ഷേ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ എണ്ണം എത്രയെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. ആക്രമണത്തിൽ നിരവധി ജയ്ഷ് തീവ്രവാദികളും പരിശീലകരും മുതിർന്ന കമാൻഡർമാരും ചാവേർ പരിശീലനം ലഭിച്ചവരും കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.