ഷിമോഗ: ആർ.കെ. നാരായണന്റെ മാൽഗുഡി ഡേയ്സ് വായിച്ചവരെല്ലാം മനസിൽ സൂക്ഷിക്കുന്ന ഒരു ആഗ്രഹമുണ്ട്, ആ കഥാസമാഹാരത്തിലെ സാങ്കല്പിക ഗ്രാമമായ മാൽഗുഡി ഒന്ന് കാണണം. ഒരിക്കലും നടക്കില്ലെന്ന് കരുതി നെടുവീർപ്പിടാൻ വരട്ടെ കർണാടകയിലെ ഷിമോഗ- തലഗുപ്പ വഴി സഞ്ചരിച്ചാൽ ഇനി മാൽഗുഡിയിലിറങ്ങാം. ഷിമോഗയിലെ അരശലു റെയിൽവേ സ്റ്റേഷന്റെ പേര് മാൽഗുഡി സ്റ്റേഷൻ എന്നാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. മാൽഗുഡി ഡേയ്സ് സീരിയലാക്കിയപ്പോൾ അരശലു സ്റ്റേഷനിലാണ് കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്. ഇതിന്റെ സംവിധായകനും നടനുമായ ശങ്കർ നാഗിനോടുള്ള ആദര സൂചകമായാണ് സ്റ്റേഷന്റെ പേര് മാറ്റുന്നത്. സ്റ്റേഷന്റെ വികസനത്തിന് 1.3 കോടി രൂപയും ദക്ഷിണ പശ്ചിമ റെയിൽവേ അനുവദിച്ചിട്ടുണ്ട്. സ്റ്റേഷന് സമീപം മാൽഗുഡിയിലെ കഥാപാത്രങ്ങളായ സ്വാമിയെയും കൂട്ടുകാരെയും പരിചയപ്പെടുത്തുന്ന മ്യൂസിയവും സ്ഥാപിക്കും. 2011ൽ യശ്വന്ത്പൂർ- മൈസൂരു എക്സ്‌പ്രസിന്റെ പേര് മാൽഗുഡി എക്സ്‌പ്രസ് എന്നാക്കി മാറ്റിയിരുന്നു.