mazood-ashar

ഇസ്‌ലമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ സഹോദരൻ അടക്കം 44 ഭീകരരെ പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കിയതായി റിപ്പോർട്ട്. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മസൂദ് അസറിന്റെ സഹോദരനായ മുഫ്തി അബ്ദുൽ റഉൗഫ് പഠാൻകോട്ട് ആക്രമണക്കേസിൽ പ്രതിയാണ്. ഭീകര സംഘടനകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കരുതൽ തടങ്കലെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻ.എസ്‍.സി)യുടെ നിർദ്ദേശ പ്രകാരമാണ് നടപടി. പുൽവാമ ആക്രമണമുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുൽവാമ സംഭവത്തിന് ശേഷം പാകിസ്ഥാൻ കൂടുതൽ സമ്മർദ്ദത്തിലായതിന് പിന്നാലെയാണ് ജയ്‌ഷെ ഭീകരരെ തടങ്കലിലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

അതേസമയം, ഇന്ത്യയുടെ സമ്മർദ്ദം മൂലമല്ലെന്നും നാഷണൽ ആക്ഷൻ പ്ലാൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായവർക്കെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെങ്കിൽ അവരെ വിട്ടയക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ടെത്തുന്നതു തടയുന്നതിനായുള്ള രാജ്യാന്തര സംഘടന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാന് ഇക്കാര്യത്തിൽ അന്ത്യശാസനം നൽകിയിരുന്നു. ഭീകര ഗ്രൂപ്പുകളും അവരുടെ അനുയായികളും പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തടയണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

സംഘടനയുടെ ബ്ലാക്ക് ലിസ്റ്റിൽ അകപ്പെട്ടാൽ പാകിസ്ഥാന് ലോകബാങ്ക് ഉൾപ്പെടെയുള്ളവയിൽനിന്നു വായ്പ എടുക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ അടിയന്തര നീക്കമെന്നാണു കരുതുന്നത്.