crime

കുട്ടനാട് : കോളേജ് കാമ്പസിനെ വിറപ്പിച്ച് വാഹന റേസിംഗ് നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ഏഴ് ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്. കോളേജ് ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 26നും ഈമാസം ഒന്നിനുമായിരുന്നു നാല് ബൈക്ക്, ഓരോ ജിപ്സി,കാർ,ജീപ്പ് എന്നിവ ഉപയോഗിച്ച് കാമ്പസിൽ വിദ്യാർത്ഥികൾ റേസിംഗ് നടത്തിയത്.

അവസാനവർഷ ബി.കോം, കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ എടത്വാ എറത്തല വീട്ടിൽ വിനീത്(20),പച്ച പഴയമഠത്തിൽ അലൻആൻറണി(20),വെണ്ണിക്കുളം റോസ് ഹൗസിൽ അരുൺബാബു(21),തകഴി തെക്കേടത്തിൽ വിഷ്ണു(20),ചങ്ങനാശ്ശേരി പെരുന്ന പുല്ലമ്പിലായിൽ സുബിൻ(20),എടത്വാ കുന്തിരിക്കൽ ചെത്തിക്കളം വീട്ടിൽ ജിജോ വർഗ്ഗീസ്(21),തിരുവല്ല കല്ലൂപ്പാറ ചാത്തൻകുന്നേൽ വീട്ടിൽ അലക്സ്(21)എന്നിവരെയാണ് എടത്വാ എസ്.ഐ.സിസിൽ ക്രിസ്റ്റിൻരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മറ്റ് വിദ്യാർത്ഥികളെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയായിരുന്നു ഇവരുടെ പരാക്രമം.

വിദ്യാർത്ഥികളുടെ വാഹന ചേസിംഗ് സോഷ്യമീഡിയയിൽ വൈറലായിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പലിന്റെയും കോളേജ് വാച്ച്‌മാന്റെയും പരാതിയിൽ എടത്വാ പൊലീസ് കേസെടുക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഗ്രേഡ് എസ്.ഐ.ശിവപ്രസാദ്,സി.പി.ഒമാരായ ഷൈലകുമാർ, മധുകുമാർ, സജി ചന്ദ്രൻ,ഹോംഗാർഡ് ശിവരാമൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.