rahul

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടെ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി 14-ന് തൃശൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെത്തും. തൃശൂരിൽ രാവിലെ മത്സ്യത്തൊഴിലാളി പാർലമെന്റിലും വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് ജനമഹാറാലിയിലും പങ്കെടുക്കുന്ന രാഹുൽ, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലും, കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലുമെത്തി കുടുംബാംഗങ്ങളെ കാണും.

തമിഴ്നാട്ടിൽ നിന്ന് 13-നു വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുൽ, അന്നു രാത്രി അവിടെ താമസിച്ച് പിറ്റേന്നു രാവിലെ തൃശൂരിലെത്തിയാണ് മത്സ്യത്തൊഴിലാളി പാർലമെന്റിൽ പങ്കെടുക്കുക. രാഹുൽ 12-ന് കാസർകോട്ടെത്തി, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും, കോഴിക്കോട്ടെ ജനമഹാറാലിയിൽ പങ്കെടുക്കാൻ പിന്നീട് തീയതി മാറ്റുകയായിരുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.