ramesh-cheniithala

കോഴിക്കോട്: ബംഗാളിൽ കോൺഗ്രസ് സി.പി.എമ്മുമായി സഹകരിക്കാനുള്ള തീരുമാനം അവിടുത്തെ മാത്രം കാര്യമാണെന്നും അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ഡി.സി.സി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സി.പി.എം കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികളാണ്. യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ച രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ കോൺഗ്രസ് ഇടപെടില്ല. അത് അവർ തന്നെ പരിഹരിക്കേണ്ട വിഷയമാണ്.
സംസ്ഥാനത്തെ കർഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാവണം. കർഷകരുടെ കാര്യത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. പ്രളയത്തിൽ കൃഷി നഷ്ടപ്പെട്ട കർഷകർക്ക് സഹായം നൽകാതെ സർക്കാർ ബാങ്കുകളെ കുറ്റപ്പെടുത്തുകയാണ്. സർഫാസി നിയമം അടിച്ചേൽപ്പിക്കാനുള്ള ബാങ്കുകളുടെ നടപടി തെറ്റാണ്. മോറട്ടോറിയം പ്രഖ്യാപിച്ചത് കൊണ്ട് എന്ത് പരിഹാരമാണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കണം. കർഷകകടം എഴുതി തള്ളാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും.

പി.എസ്.സിയെ ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കും. പി.എസ്.സിയിൽ നിന്നും നിയമനങ്ങൾ മാറ്റുന്നത് അംഗീകരിക്കാനാവില്ല. പി.എസ്.സിയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ആശ്രയിക്കാവുന്ന നിയമന രീതിയെ തകർക്കാനുള്ള നടപടിയാണ് ഇതെന്നും ചെന്നിത്തല കൂട്ടിചേർത്തു.