modi-and-smrithi-

ന്യൂഡൽഹി: പാകിസ്ഥാനിലെ ബലാക്കോട്ടിൽ വ്യോമസേന നടത്തിയ തിരിച്ചടി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഭീകരവാദത്തിന് ചുട്ട മറുപടി നൽകിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യൻ സേനയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തത് നരേന്ദ്ര മോദിയാണെന്നും അതിനുള്ള തെളിവാണ് പാകിസ്ഥാനിൽ കയറിയുള്ള തിരിച്ചടിയെന്നും അവർ കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. സ്വന്തം പാർട്ടിക്കാരെ കൊന്ന സി.പി.എമ്മുമായി കോൺഗ്രസിന് എങ്ങിനെ കൈകോർക്കാൻ കഴിയുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ ചിന്തിക്കുന്നതെന്ന് അവർ പറഞ്ഞു.

അതേസമയം, ബലാക്കോട്ടിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകൾ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. മിന്നലാക്രമണത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണ്. എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അറിയണമെങ്കിൽ കോൺഗ്രസ് പാകിസ്ഥാനിൽ പോയി അന്വേഷിക്കണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.