periya-murder

കാസർകോട്:കൊലപാതക രാഷ്ട്രീയത്തിനെതിരെ പെരിയ കല്യോട്ട് നടന്ന അമ്മ പെങ്ങന്മാരുടെ സംഗമം നൂറു കണക്കിനു സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്ന് സ്‌ത്രീകൾ എത്തി. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും നിരവധി രക്തസാക്ഷികളുടെ സഹോദരിമാരും അമ്മമാരും പരിപാടിക്കെത്തി.

പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന മഹിളാ കോൺഗ്രസ് ആണ് 'പെൺമനസ്' എന്ന പേരിൽ സംഗമം സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരത്തിൽ പുഷ്പാർച്ചനയ്‌ക്ക് ശേഷമായിരുന്നു സംഗമം.

പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആവർത്തിക്കുമ്പോൾ കേസ് സി.ബി.ഐക്ക് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് സംഗമത്തിൽ പ്രസംഗിച്ച എ.ഐ.സി.സി വനിതാ സെക്രട്ടറിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്‌മാൻ ആവശ്യപ്പെട്ടു. കൊലപാതകവും അക്രമവും ശീലമാക്കിയ സി.പി.എമ്മിനെ നിരോധിക്കണമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

കെ.കെ രമ സംഗമം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ദേശീയ നേതാവ് സമൻ ഫർസാന, സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

ലാലി വിൻസന്റ്, സുമാ ബാലകൃഷ്ണൻ, വത്സല പ്രസന്നകുമാർ, സുധാ കുര്യൻ, രാജലക്ഷ്മി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനൽ, കൊച്ചി മേയർ സൗമിനി ജയിൻ, ശാന്തമ്മ ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചു.