തിരുവനന്തപുരം: അണ്ടർ 19 ക്രിക്കറ്ര് ടൂർണമെന്റിൽ ഇന്ത്യ എ, ബി ടീമുകൾക്ക് ജയം. കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ ഇന്ത്യ എ ടീം 157 റൺസിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യൻ ടീം നിശ്ചിത 50 ഓവറിൽ 251 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 35.4 ഓവറിൽ വെറും 94 റൺസിന് ആൾഔട്ടാവുകയായിരുന്നു. 3 വിക്കറ്റ് വീതം നേടിയ രവി ബിഷ്ണോയിയും ഹർഷ് ദുബെയും 2 വിക്കറ്റ് സ്വന്തമാക്കിയ ആകാശ് സിംഗുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കാർത്തിക് ത്യാഗി,യഷസ്‌വി ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.33 റൺസെടുത്ത മാർക്കോ ജാൻസണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ.ജാൻസണെക്കൂടാതെ ക്യാപ്‌ടൻ മോണ്ട്ഗോമറിക്ക് (10) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ലൂ.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ഷഷ്വത് റാവത്തും (64), ഓപ്പണർ ക്വമ്റാൻ ഇക്ബാലുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.ബോളിംഗിലും തിളങ്ങിയ ജാൻസൺ ദക്ഷിണാഫ്രിക്കയ്ക്കായി 4 വിക്കറ്റ് വീഴ്ത്തി.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിനാണ് ഇന്ത്യ ബി ടീം ജയിച്ചത്. ആദ്യംബാറ്റ് ചെയ്ത അഫ്ഗാൻ 47.3 ഓവറിൽ 106 റൺസിന് ആൾഔട്ടായി. ഇന്ത്യക്കായി ത്യാഗി നാലും ബർമ്മൻ ഒരു വിക്കറ്രും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ ബി തുടക്കത്തിലെ തകർച്ചയിൽ പകച്ചെങ്കിലും തിലക് വർമ്മയുടെയും (44), രാഹുലിന്റെയും (56 ബാറ്റിംഗ് മികവിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (107/3).