നാഗ്പൂർ: വിദർഭാ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ഇന്ത്യ പതിവ് തെറ്റിച്ചില്ല. അവസാന ഓവർവരെ ആവേശം നിറഞ്ഞു നിന്ന ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 8 റൺസിന്റെ വിജയം. ഇതോടെ വി.സി.എ സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരെ നടന്ന നാല് മത്സരത്തിലും ജയിക്കാനായി എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ഏകദിനത്തിൽ ഇന്ത്യയുടെ 500-ാ മത്തെ വിജയം കൂടിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ48.2 ഓവറിൽ 250 റൺസെടുത്ത് ഓൾഔട്ടായി. നായകൻ വിരാട് കൊഹ്ലിയുടെ ( 116) സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആസ്ട്രേലിയ അവസാനം വരെ വെല്ലുവിളി ഉയർത്തിയെങ്കിലും മൂന്ന് പന്തകലെ അവരുടെ പോരാട്ടം അവസാനിച്ചു (49.3 ഓവറിൽ 242/10).
ആസ്ട്രേലിയയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണമായിരുന്നു. 2 വിക്കറ്റും കൈവശമുണ്ടായിരുന്നു. അവസാന ഓവർ എറിഞ്ഞ വിജയ് ശങ്കർ ആദ്യ പന്തിൽ സ്റ്റോയിനിസിനെയും (52),മൂന്നാം പന്തിൽ സാംപയേയും (2) പുറത്താക്കി ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി കുൽദീപ് മൂന്ന് വിക്കറ്ര് വീഴ്ത്തി. ശങ്കറും ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റോയിനിസിനെക്കൂടാതെ ഹാൻഡ്സ് കോമ്പ് (48), ഖവേജ (38), ഫിഞ്ച് (37) എന്നിവരും ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നേരത്തേ ടോസ് നേടിയ ആസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ രോഹിത് ശർമ്മയെ (0)ആദ്യ ഓവറിൽ തന്നെ സാംപയുടെ കൈയിൽ എത്തിച്ച് കമ്മിൻസ് അവർക്ക് പ്രതീക്ഷ നൽകി.ധവാനെ (21) മാക്സ്വെല്ലും, ആമ്പാട്ടി റായ്ഡുവിനെ (18) ലിയോണും പറഞ്ഞ്വിട്ടതോടെ ഇന്ത്യ പ്രതിസന്ധി മുന്നിൽക്കണ്ടു.
എന്നാൽ 75/3 നിലയിൽ ക്യാപ്ടൻ കൊഹ്ലിക്ക് കൂട്ടായി വിജയ് ശങ്കർ (46) ക്രീസിലെത്തിയതോടെ ഇന്ത്യ അതിജീവനം തുടങ്ങുകയായിരുന്നു.ഇരുവരും 4-ാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു.ശങ്കർ ടീം സ്കോർ 156ൽ വച്ച് റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്നെത്തിയ കേദാർ ജാദവ് (11) അധികം ചെറുത്ത് നില്പിപ്പില്ലാതെ സാംപയുടെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകി മടങ്ങി. പകരമെത്തിയ ധോണിയെ (0) നേരിട്ട ആദ്യ പന്തിൽ തന്നെ സാംപ ഖവേജയുടെ കൈയിൽ ഒതുക്കി.ധോണിക്ക് പകരം ജഡേജയെത്തി (21). ഇതിനിടെ കൊഹ്ലി കരിയറിലെ 40-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി.അധികം വൈകാതെ ജഡേജയും കൊഹ്ലിയും കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. 120 പന്ത് നേരിട്ട് 16 ഫോറുൾപ്പെട്ടതായിരുന്നു കൊഹ്ലിയുടെ ഇന്നിംഗ്സ്. ആസ്ട്രേലിയക്കായി കമ്മിൻസ് 4 വിക്കറ്റ് വീഴ്ത്തി.