pak-minister

ലാഹോർ: ഹിന്ദു വിഭാഗത്തിനെതിരെ വിവാദ പരാമർശം നടത്തിയ പാക്കിസ്ഥാൻ മന്ത്രിയെ പുറത്താക്കി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അംഗമായ ഫയാസ്സുൽ ഹസ്സൻ ചൊഹാറിനെയാണ് പുറത്താക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് മന്ത്രി നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷമാണ് പഞ്ചാബ് മന്ത്രി ചൊഹാർ ഹിന്ദു വിഭാഗത്തിന് നേരെ വിവാദ പരാമർശം നടത്തിയത്. ഹിന്ദുക്കൾ 'ഗോമൂത്രം കുടിക്കുന്നവർ' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 'ഞങ്ങളേക്കാൾ മികച്ചവരാണ് നിങ്ങളെന്ന ധാരണ വേണ്ട,​ ‌ഞങ്ങൾക്കുള്ളത് നിങ്ങൾക്കില്ലെന്നും വിഗ്രഹങ്ങളെ ആരാധിക്കുന്നവരെന്നും നിങ്ങളെന്നും' മന്ത്രി പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയ‌ർന്നുവന്നത്.

പരാമർശം വിവാദമായതിനെ തുടർന്ന് തെഹ്‌രീകെ ഇൻസാഫ് പാർട്ടി ഇടപെടുകയായിരുന്നു. ചൊഹാന്റെ രാജി പാർട്ടി ഔദ്യോഗികമായി സ്വീകരിച്ചതായി പാർട്ടി അറിയിച്ചു. ഹിന്ദു വിഭാഗത്തെ അപമാനിക്കുന്ന തരത്തിൽ പരാമർ‌ശം നടത്തിയ പഞ്ചാബ് മന്ത്രിയെ എല്ലാ ചുമതലയിൽ നിന്ന് നീക്കിയതായി പാർട്ടി അറിയിച്ചു. ഒരു വ്യക്തിയുടെയോ വിഭാഗത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ അംഗീകരിക്കില്ലെന്നും തെഹ്‌രീകെ ഇൻസാഫ് പാർട്ടി വ്യക്തമാക്കി.