india-beat-australia

നാഗ്പുർ: ആസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ടു റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 250 റൺസിനു പുറത്തായി, തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് പട 49.3 ഓവറിൽ 242 റൺസിൽ അവസാനിച്ചു. ഓസിസ് വിജയത്തിന് 11 റൺസ് മാത്രം അകലെ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത് മാർക്കസ് സ്റ്റോയ്നിസ് (52), ആദം സാംപ (രണ്ട്) എന്നിവരെ വിജയ് ശങ്കർ പുറത്താക്കിയതോടെ വിജയം ഇന്ത്യയുടെ കൈക്കുള്ളിൽ എത്തുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

65 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 52 റൺസടിച്ച് ഓസീസ് പ്രതീക്ഷ അവസാന ഓവർ വരെ നിലനിർത്തിയ മാർക്ക് സ്‌റ്റോയിൻസാണ്‌ ടോപ്പ് സ്‌കോറർ. 59 പന്തിൽ 48 റൺസുമായി മികച്ച ഫോമിൽ കളിക്കുകയായിരുന്ന പീറ്റർ ഹാൻഡ്സ്‌ കോമ്പിനെ രവീന്ദ്ര ജഡേജ റൺഔട്ടാക്കിയതും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.


ആരോൺ ഫിഞ്ചും ഉസ്മാൻ ഖ‌വാജയും മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു. ആരോൺ ഫിഞ്ച് 37 റൺസിനും ഖ്വാജ 38 റൺസെടുത്തും പുറത്തായി. തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയെ മുന്നിൽനിന്നു നയിച്ച കോഹ്ലി 116 റൺസെടുത്ത് പുറത്തായി. ഓസീസിനായി പാറ്റ് കമ്മിൻസ് നാലു വിക്കറ്റ് വീഴ്ത്തി.

രോഹിത് ശർമ ആദ്യ ഓവറിൽത്തന്നെ ഔട്ടായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി, 48ാം ഓവർ വരെ ക്രീസിൽനിന്നാണ് ഇന്ത്യയെ താങ്ങിനിർത്തിയത്. ഇതിനിടെ നാലാം വിക്കറ്റിൽ വിജയ് ശങ്കറിനൊപ്പം 81 റൺസിന്റെയും ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 67 റൺസിന്റെയും കൂട്ടുകെട്ടും തീർത്തു.