km-mani-

കൊച്ചി: കേരള കോൺഗ്രസ്- എമ്മുമായി മൂന്നാം വട്ട ചർച്ച തീർന്നപ്പോഴും സീറ്റിന്റെ എണ്ണം പഴയതുതന്നെ- ഒന്നേയൊന്ന്. ഇനി ചർച്ചയില്ല. രണ്ടാം സീറ്റ് ആവശ്യം യു.ഡി.എഫ് അന്തിമമായി നിരാകരിച്ചതോടെ നാളെ പാർട്ടി യോഗം ചേർന്ന് അനന്തര തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസും അറിയിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്നലെ രാത്രി ഒമ്പതിന് ആരംഭിച്ച ചർച്ചയാണ് ഒന്നര മണിക്കൂറിനു ശേഷം ശുഭകരമാകാതെ പിരിഞ്ഞത്. രണ്ടു സീറ്റെന്ന ആവശ്യത്തിന് കോൺഗ്രസ് വഴങ്ങിയില്ല. കേരള കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ പാർട്ടിയിൽത്തന്നെ പരിഹരിക്കണമെന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചതോടെ ചർച്ചകൾക്കു പരിസമാപ്‌തി.

നാളെ ചേരുന്ന പാർട്ടി യോഗം ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.എം. മാണിയും പി.ജെ. ജോസഫും പറഞ്ഞു. രണ്ടു ലോക്‌സഭാ സീറ്റെന്ന ആവശ്യത്തിൽ മുറുകെപ്പിടിച്ചാണ് കേരള കോൺഗ്രസ് ചർച്ചയ്ക്കെത്തിയത്. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നായിരുന്നു ആവശ്യം. മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പി.ജെ. ജോസഫിനെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കെ.എം. മാണിയും രണ്ടു സീറ്റെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാതിരുന്നത്.രാജ്യസഭാ സീറ്റ് നൽകിയ സാഹചര്യത്തിൽ ഒരു ലോക്‌സഭാ സീറ്റു കൂടി അനുവദിക്കാൻ കഴിയില്ലെന്ന മുൻ നിലപാട് നേതാക്കൾ ആവർത്തിച്ചു.

കെ.എം. മാണിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ഇന്നലെ പകൽ അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നു. മാണിയുമായി അടുപ്പമുള്ള ചിലരുമായിട്ടായിരുന്നു അനുരഞ്ജന ശ്രമം. ഇടഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫിനു കൂടി സ്വീകാര്യനായ ആളെ കോട്ടയത്ത് മത്സരിപ്പിക്കുകയെന്ന നിർദ്ദേശം വച്ചെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, കേരള കോൺഗ്രസ് നേതാക്കളായ കെ.എം. മാണി, പി.ജെ. ജോസഫ്, മോൻസ് ജോസഫ്,​ ജോയ് എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു