hafis-sayid

ഇസ്ലമാബാദ്: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദിന്റെ സംഘടനകളായ ജമാഅത്ത് ഉദ് ദവ‌യെയും ഫലാഹി ഇൻസാനിയതിനെയും പാകിസ്ഥാൻ നിരോധിച്ചു. പാക് ആഭ്യന്തരമന്ത്രി ഷെഹരിയാർ ഖാൻ അഫ്രീദിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഭീകരവിരുദ്ധ നിയമം 1997 പ്രകാരമാണ് നിരോധനം. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ സഹോദരൻ അടക്കം 44 ഭീകരരെ പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകര സംഘടനകളെ നിരോധിക്കാനുള്ള ഉത്തരവ് പുറത്തുവന്നത്.

അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയ തീവ്രവാദ സംഘടനകളുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള ഉത്തരവും പാകിസ്ഥാൻ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2002 ജനുവരി 14 മുതൽ നിരോധിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദിനെതിരെയും മസൂദ് അസ്ഹറിനെതിരെയുമുള്ള നടപടിയൊന്നും വ്യക്തമാക്കിയിട്ടില്ല. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടെയാണ് ഇത്തരം നടപടികൾ.