മലയാള സിനിമയിലെ ഒരു മികച്ച അഭിനേതാവാണ് ഷമ്മി തിലകൻ എന്നത് നിസംശയമാർന്ന കാര്യമാണ്. 33 വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ഷമ്മി ജീവൻ നൽകിയത് പകരം വയ്‌ക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങൾക്കാണ്. എന്നാൽ നല്ല നടൻ എന്നതിലുപരി അതിഗംഭീരമായ ശബ്‌ദസൗന്ദര്യത്തിന് ഉടമ കൂടിയാണ് മഹാനടനായ തിലകന്റെ ഈ മകൻ. ദേവാസുരത്തിലെ മുണ്ടയ്‌ക്കൽ ശേഖരനെയും, ധ്രുവത്തിലെ ഹൈദർമരയ്‌ക്കാരെയും തുടങ്ങി ഏറ്റവുമൊടുവിലായി ഒടിയനിലെ രാവുണ്ണിയിൽ വരെ പ്രേക്ഷകർ കേട്ടത് ഷമ്മിയുടെ ശബ്‌ദമായിരുന്നു. ഇപ്പോഴിതാ അതേ കഥാപാത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്‌റ്റിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്.
എന്നാൽ നടൻ മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ ഒടിയനിൽ പ്രകാശ് രാജിന് ശബ്‌ദം നൽകിയതെന്ന് പറയുകയാണ് ഷമ്മി. രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് താൻ കൽപ്പിച്ചു നൽകിയ മാന്യതയുടെയും ആത്മാർത്ഥതയുടെയും അളവുകോലായാണ് പ്രസ്‌തുത അംഗീകാരത്തെ കാണുന്നതെന്നും തന്റെ ഫേസ്ബുക്ക് പേജിൽ ഷമ്മി തിലകൻ കുറിച്ചു. കൂടാതെ തന്റെ പിതാവിനാണ് സംസ്ഥാനപുരസ്‌കാരം സമർപ്പിക്കുന്നതെന്നും ഷമ്മി കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഔദ്യോഗിക അറിയിപ്പ് ഇന്നലെ (04/03/2019) കൈപ്പറ്റി..!
ബഹു.മന്ത്രി എ.കെ. ബാലൻ അവർകളുടെ ഈ അഭിനന്ദനം സവിനയം സ്വീകരിക്കുന്നു.
#love_you_sir..!
പുരസ്കാരങ്ങൾ, എന്നും ഏതൊരാൾക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.! പ്രത്യേകിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം.!! എത്രയും വിലപ്പെട്ട ഈ പുരസ്കാരത്തിന് ഞാൻ അർഹനായതിൽ ഒത്തിരി സന്തോഷിക്കുന്നു..! അത് ലാലേട്ടന്റെ #ഒടിയനിലൂടെ ലഭിച്ചതിൽ ഒത്തിരിയൊത്തിരി സന്തോഷം..!! എന്റെ പിതാവിന്റേതായ താല്പര്യങ്ങൾക്കായി #ലാലേട്ടന്റെ_നിർദ്ദേശാനുസരണം മാത്രമാണ് ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം നൽകാനിടയായതും, ഈ പുരസ്കാരം ലഭിച്ചതും.! രാജ്യം #പത്മഭൂഷൺ നൽകി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് ഞാൻ കല്പിച്ചുനൽകിയ മാന്യതയുടേയും, ആത്മാർത്ഥതയുടേയും അളവുകോലായി ഒടിയന് ലഭിച്ച ഈ ഒരേയൊരു അംഗീകാരത്തിനെ ഞാൻ കാണുന്നു..! അതുകൊണ്ട് ഞാനീ പുരസ്കാരം എന്റെ #പിതാവിന്_സമർപ്പിക്കുന്നു..! കൂടാതെ..; അദ്ദേഹത്തിന്റെ മകനായി പിറക്കാനായതിൽ ഒത്തിരി #അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിച്ചു പോകാനാകുന്നതിൽ ഇത്തിരി #അഹങ്കരിക്കുകയുംചെയ്യുന്നു'.!!