spiderman

ന്യൂഡൽഹി: സാധാരണ നമ്മുടെ സൂപ്പർ ഹീറോസെല്ലാം ജനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാറും ആപത്തിൽ സഹായിക്കുകയുമാണ് പതിവ്. എന്നാൽ ഡൽഹിയിൽ ഒരു സ്‌പൈഡർമാൻ ഉണ്ട്,​ പക്ഷേ കക്ഷിക്ക് ആരെയും സഹായിക്കാനല്ല പകരം മോഷ്ടിക്കാനാണ് താല്പര്യം. സ്‌പൈ‌ഡർമാൻ മോഷ്ടാവ് രവിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്‌ ചെയ്തു. ഡൽഹിയിലെ മാനസരോവർ ഗാർ‌ഡനിൽ നിന്നാണ് രവിയെ പൊലീസ് പിടികൂടിയത്. ആറോളം കേസുകളാണ് രവിയുടെ പേരിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.


രാത്രി നഗരത്തിൽ പൊലീസ് നൈറ്റ്‌ പെട്രോളിംഗ് നടത്തിയ ശേഷം തിരികെ സ്റ്റേ‌ഷനിലെത്തിയെന്ന് ഉറപ്പിച്ചിട്ടാണ് രവി സ്‌പൈഡർമാനായി മാറുന്നത്. ചുവന്ന ജഴ്സിയാണ് മോഷണത്തിന് പോകുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്നത്,​ കൂടാതെ വീടുകളുടെ ബാൽക്കണി വഴി കയറി മോഷണം നടത്താനാണ് ഇയാൾക്കിഷ്ടം. ഇതിനെ തുടർന്നാണ് കക്ഷിക്ക് സ്‌പൈ‌ഡ‌ർമാൻ എന്ന പേര് ലഭിച്ചത്.

രണ്ട് നിലവീടുകളാണ് മോഷ്ടിക്കാനായി ഇയാൾ നോട്ടമിടുന്നത്. തുടർന്ന് വീടുകളുടെ പരിസരം വീക്ഷിച്ച ശേഷം ഏണി വഴിയോ പൈപ്പുകൾ വഴിയോ ഇയാൾ ബാൽക്കണിയിലെത്തും. ശേഷം വാതിൽ കുത്തി തുറന്ന് പണമോ സ്വർണമോ മോഷ്ടിച്ച് ജഴ്സിക്കുള്ളിൽ ഒളിപ്പിച്ച് കടന്നു കളയുകയാണ് പതിവ്. മോഷണത്തിൽ കിട്ടുന്നതെല്ലാം ചൂത് കളിക്കാനും സുഖജീവിതം നയിക്കാനുമാണ് ഇയാൾ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

തിരിച്ചറിയാതെ പോകരുത്...! കറിവേപ്പിലയിലെ സൗന്ദര്യ രഹസ്യം


കഴിഞ്ഞ ദിവസം മാനസരോവർ പ്രദേശത്ത് മോഷണം നടത്തിയപ്പോൾ സി.സി.ടി.വി സ്‌പൈഡർമാനെ കുരുക്കുകയായിരുന്നു. തുടർന്ന് പൊലീസ് പിടികൂടുകയും ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റ‌ർ ചെയ്തിരിക്കുന്നതെന്ന് ഡി.സി.പി മൊനിക ഭരദ്വാജ് വ്യക്തമാക്കി.