editors-pick-

ഭാരതത്തിലെ ഋഷീശ്വരന്മാരും ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹാത്മാക്കളുമെല്ലാം പാണ്ഡിത്യത്തിന്റെ ഗരിമ

യിലൂടെ അനശ്വമാക്കപ്പെട്ടവരല്ല. കഴിഞ്ഞുപോയ യുഗത്തിന്റെ കർമ്മവും, ധർമ്മവും എന്തായിരുന്നു, ഇന്ന് നടന്നുകൊണ്ടിരിക്കുന്നതെന്താണ്, നാളെ നടക്കുവാൻ പോകുന്നെതെന്താണ് എന്ന് ജ്ഞാനവശത്തിലൂടെ അനുഭവിച്ചറിഞ്ഞ് ആ അറിവ് വെളിപ്പെടുത്തിയവരാണ്. ആ നിലയിൽ ജ്ഞാനാമൃതത്തിന്റെ അമൃതധാരയാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ മതാതീതആത്മീയത എന്ന മഹാവിജ്ഞാനം കുടികൊള്ളുന്ന ശാന്തിഗിരി.

ആശ്രമം പ്രവർത്തനമാരംഭിച്ചിട്ട് ആറ് പതിറ്റാണ്ട് പിന്നിടുന്നു. മാനവസ്‌നേഹത്തിന്റെ ഉദാത്തമന്ത്രങ്ങൾ ഉരുക്കഴിക്കുന്ന മഹാപ്രസ്ഥാനത്തെ ലോകം ഏറ്റുവാങ്ങിയതിന്റെ ദീപ്തസ്മരണകൾ നിറയുന്ന വജ്രജൂബിലി ആഘോഷങ്ങൾ ഇന്നാരംഭിക്കുകയാണ്. ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കൊപ്പം നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമാവുന്നു.

അത്ഭുതങ്ങളോ സിദ്ധിജാലങ്ങളോ കാട്ടാതെ ജനഹൃദയങ്ങളിലേക്കാണ് നവജ്യോതി ശ്രീകരുണാകരഗുരു കുടിയേറിയത്. ദു:ഖവും ദുരിതവുമായി വരുന്നവർക്ക് ഗുരു സ്‌നേഹം നൽകി, സാന്ത്വനം പകർന്നു. ദു:ഖകാരണം പറഞ്ഞുകൊടുത്തു. സത്കർമ്മങ്ങൾ ചെയ്യാൻ പഠിപ്പിച്ചു. അക്രമങ്ങളും അരുതായ്മകളും ചെയ്യരുതെന്ന് ബോധ്യപ്പെടുത്തി.

ആശാൻ പള്ളിക്കൂടത്തിലെ നിലത്തെഴുത്ത് മാത്രമാണ് ഗുരുവിനു ലഭ്യമായ വിദ്യാഭ്യാസം.
ബാലനായിരിക്കുമ്പോൾത്തന്നെ ഈ ജീവിതത്തിന്റെ അർത്ഥമറിയണം, ലോകത്തിന്റെ ദു:ഖമറിഞ്ഞ് നിവാരണം നടത്തണം എന്ന ചിന്ത അദ്ദേഹത്തിൽ വളർന്നു. അങ്ങനെ സന്യാസിയാകുവാൻ തീരുമാനിച്ച് ആലുവ അദ്വൈതാശ്രമത്തിലെത്തി. അവിടെ രണ്ടുവർഷം സേവനം ചെയ്തു. ശേഷം ശിവഗിരിയിലെത്തി. അവിടുത്തെ സേവനകാലത്തും അന്വേഷണം തുടർന്നു.
അനേകം ആളുകളെ ഈ വിഷയവുമായി സമീപിച്ചു. അവരിൽ സന്യാസിമാരും, പണ്ഡിതന്മാരും ഉൾപ്പെട്ടിരുന്നു. അവർക്കാർക്കും ജ്ഞാനദർശനത്തിന്റെ അനുഭവതലമില്ലാത്തതിനാൽ വിഷയത്തിൽ നിന്നൊഴിഞ്ഞു മാറി. ശിവഗിരിയിലും ബ്രാഞ്ച് ആശ്രമങ്ങളിലുമായി പതിനേഴു വർഷം ഗുരു ത്യാഗപൂർണമായി സേവനം ചെയ്തു. ഇതിനിടയിൽ അനുഭവജ്ഞാനവശമുള്ള ഖുറൈഷി ഫക്കീർ സ്വാമികളെ ആത്മഗുരുവായി സ്വീകരിച്ചു.


കുട്ടിക്കാലം മുതൽ അനുഭവപ്പെട്ട ആത്മീയദർശനങ്ങളുടെ പൊരുളുകൾ മുതൽ പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകൾ വരെ ഗുരുശിഷ്യബന്ധത്തിലൂടെ അനുഭവവേദ്യമായി. ഒരു കാലത്ത് മഹാത്മാവായി മാറേണ്ട ആളാണ് തന്റെ ശിഷ്യനായി കൂടെ നടക്കുന്നതെന്ന് ഖുറൈഷി ഫക്കീർ സ്വാമികൾ തിരിച്ചറിഞ്ഞിരുന്നു. ദീർഘകാലത്തെ അവധൂതവൃത്തിക്കുശേഷം ആ ഗുരുശിഷ്യബന്ധം പൂർണമായപ്പോൾ ജ്ഞാനിയായ ഫക്കീർ സ്വാമികൾ അനുഗ്രഹ വർഷംപോലെ പറഞ്ഞു.
'കരുണാകരാ ഇനി നീ എവിടെയോ പോകൂ. നിനക്കു വേണ്ടതെല്ലാം ദൈവം അപ്പോഴപ്പോൾ തന്നുകൊള്ളും.
നിന്റെ കാലശേഷം ലോകം മുഴുവൻ നിന്നെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന കാലം വന്നുചേരും.'


ദൈവഹിതമല്ലാത്തതൊന്നും ഗുരു ചെയ്തിട്ടില്ല. 1957 ആഗസ്റ്റ് 30ന് ശിവഗിരിക്കടുത്ത് ഗുരു ഓലയും കാട്ടുകമ്പുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചെറിയ ആശ്രമം സ്ഥാപിച്ചു. ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ശാന്തിസ്വാമി എന്നാണ് അക്കാലത്ത് ഭക്തർ വിളിച്ചിരുന്നത്. ശാന്തിസ്വാമി ഇരിക്കുന്ന കുന്നിനെ ശാന്തികുന്നെന്നും വിളിച്ചു. പിന്നീടത് ശാന്തിഗിരിയായി. 1964 ൽ കാടുപിടിച്ചു കിടന്ന പോത്തൻകോടെന്ന സ്ഥലത്തെത്തി. വർക്കല ശിവഗിരിക്കുന്നിലേതുപോലെ ഓലയും മരച്ചീനിക്കമ്പുകളും കൊണ്ട് കുടിൽ കെട്ടിയുണ്ടാക്കി. 1964 നവംബർ 16ന് ഗുരുവായ പഠാണിസ്വാമികൾ എന്നറിയപ്പെട്ടിരുന്ന സൂഫിവര്യൻ ഖുറൈഷി ഫക്കീർ ആശ്രമം ഉദ്ഘാടനം ചെയ്തു. 1968 നവംബറിൽ ഗുരുപോത്തൻകോട് ആശ്രമത്തിൽ സിഥിരതാമസം തുടങ്ങി. ദേശാടനത്തിനു പോയിരുന്ന ഗുരു മടങ്ങിവന്നശേഷം 1971ഏപ്രിൽ 22ന് ഗുഹാന്ദാശ്രമം എന്ന പേരുമാറ്റി ശാന്തിഗിരി പ്രഖ്യാപിച്ചു.


ഇന്നു ശാന്തിഗിരി സ്ഥിതിചെയ്യുന്ന ഇടം പണ്ട് ബുദ്ധസന്യാസിമാർ തിങ്ങിപ്പാർക്കുകയും തപസ് ചെയ്യുകയും ചെയ്തിരുന്ന വനഭൂമിയായിരുന്നു എന്നാണ് കരുതുന്നത്. അന്ന് ഇവിടം ബുദ്ധവൻകാട് എന്ന് അറിയപ്പെട്ടിരുന്നു. ബുദ്ധവൻകാടിന്റെ നാമം പിന്നീട് പോത്തൻകോടായി. പോത്തൻകോടെന്ന ഗ്രാമം ഇന്ന് ലോകപ്രശസ്തമാണ്. അതിനു നിദാനമായിരിക്കുന്നത് ശാന്തിഗിരി ആശ്രമമാണ്. ഏഷ്യയിലെ ഏറ്റവും വലിയ മാർബിൾ ശില്പമായ വെൺതാമരപ്പർണ്ണശാലയിലാണ് നവജ്യോതി കരുണാകരഗുരു അന്ത്യവിശ്രമം കൊളളുന്നത് . ഗുരുവിന്റെ വത്സല ശിഷ്യയും ശാന്തിഗിരിയിൽ ഇപ്പോഴുളള ഗുരുസ്ഥാനിയയുമായ അഭിവന്ദ്യ ശിഷ്യപൂജിതയ്ക്ക് ജ്ഞാനദർശനത്തിലൂടെ കാണിച്ചു കൊടുത്തതാണ് പർണശാലയുടെ രൂപകൽപ്പന . 2010 ആഗസ്ത് 10 ന് ഭാരതത്തിന്റെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ താമരപർണശാല ലോകത്തിന് സമർപ്പിച്ചു . വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സമൂഹ്യവികാസനപ്രക്രീയയിൽ തനതായ മികച്ച സംഭാവനയാണ് ശാന്തിഗിരി നൽകികൊണ്ടിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ ന്യൂഡൽഹി, ഗോഹാട്ടി,മേഘാലയ, തെലുങ്കാന, രാജസ്ഥാൻ, മൈസൂർ, പോണ്ടിച്ചേരി, ഗോവ, ഹൈദരാബാദ്, മുബൈ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ബാംഗ്ലൂർ, ചെന്നൈ,കോയമ്പത്തൂർ, കന്യാകുമാരി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ശാന്തിഗിരികേന്ദ്രങ്ങൾ സജീവമാണ്. വജ്രജൂബിലി ആഘോഷങ്ങളുടെ കാലയളവിൽ തന്നെ ശ്രീലങ്കയിൽ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടക്കും. മലേഷ്യ, ജപ്പാൻ, ചൈന, റഷ്യ, നേപ്പാൾ, ഒമാൻ,സൈബീരിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ ആശ്രമാരോഗ്യകേന്ദ്രങ്ങൾ തുടങ്ങും.


1999 മെയ് ആറിന് ശാന്തിഗിരി നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചു. ഗുരുകാരുണ്യത്തിന്റെ അനന്തമായ പ്രവാഹം ശാന്തിഗിരിയിലൂടെ തുടർന്നു കൊണ്ടേയിരിക്കുന്നു. ഗുരുവിന്റെ മഹത് സന്ദേശം മാനവരാശിയുടെ നവസംസ്‌കാരമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വജ്രജൂബിലി ആഘോഷം.