facebook

ബംഗളൂരു: പാകിസ്ഥാനെയും പാക് സൈന്യത്തെയും അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റി‌ട്ട മലയാളിയുടെ വീടിനും കടയ്ക്കും നേരെ ആക്രമണം. കണ്ണൂർ ചക്കരക്കൽ സ്വദേശിയായ മുനീറിന്റെ വീടിനും കടയ്ക്കും നേരെയാണ് പത്തംഗ സംഘം ആക്രമണം നടത്തിയത്.

മുനീറും സഹോദരൻ അബ്ദുൾ സലീമും ബംഗളൂരുവിൽ ബേക്കറി നടത്തിവരികയാണ്. കഴിഞ്ഞ ദിവസം അബ്ദുൾ സലീം 'ഞാൻ പാകിസ്ഥാനൊപ്പം' എന്ന അടിക്കുറിപ്പോടെ പാക് സൈന്യത്തിന്റെ ചിത്രമുൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. തുടർന്ന് മുനീറിന്റെ ഉടമസ്ഥതയിലുള്ള പ്ലാസ ബേക്കറിയിലേക്ക് പത്തംഗ സംഘമെത്തി ആക്രമണം നടത്തുകയും. കട അടിച്ചു തകർത്ത് സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മുനീറും സഹോരനും നാട്ടിലായിരുന്നു.

ദേശവിരുദ്ധ പോസ്റ്റിട്ടതിനു മുനീറിനും സലീമിനുമെതിരെ മഡിവാള പൊലീസ് കേസെടുത്തിട്ടുണ്ട്. ബേക്കറി തകർത്തതിനു 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അബ്ദുൽ സലീമിന്റെ കണ്ണൂരിലെ വീടിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.