പൊൻകുന്നം: പെട്രോൾ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ വേണ്ടി മാത്രമാണോ? അങ്ങനെയാണെങ്കിൽ കഴിഞ്ഞ ദിവസം വലഞ്ഞത് വിനോദ സഞ്ചാരികളായ ഒരു കൂട്ടം വിദേശ വനിതകളാണ്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പമ്പിൽ എത്തിയ വിദേശികളുമായി പമ്പുടമ തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
വിദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സംഭവം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ പമ്പുടമയ്ക്കെതിരെ പ്രതിഷേധം ഉയർന്നു. കോട്ടയം പൊൻകുന്നത്താണ് സംഭവം. പ്രദേശത്ത് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ ഉപഭോക്താക്കൾക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാൻ നൽകാറുള്ളുവെന്നാണ് പമ്പുടമുയുടെ വാദം.
അതേസമയം, വിദേശികൾ ടോയ്ലറ്റ് ഉപയോഗിച്ചുവെന്നും ആശയവിനിമയത്തിൽ സംഭവിച്ച പാളിച്ചയാണ് സംഗതി കുഴപ്പത്തിലാക്കിയതെന്നും പമ്പ് ഉടമ പറയുന്നു. ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം നിർബന്ധമായും നൽകണം എന്നിരിക്കെയാണ് ഈ സംഭവം. വിദേശ ടൂറിസ്റ്റുകൾക്കാണ് ഇങ്ങനെയൊരു അവസ്ഥ നേരിട്ടത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.