മെൽബൺ: കാണാതായ ഇന്ത്യൻ ദന്ത ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. പ്രീതി റെഡ്ഢി എന്ന 32കാരിയെയാണ് സിഡ്നിയുടെ കിഴക്കൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം കുത്തിപ്പരിക്കേൽപ്പിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് മൂന്നിനാണ് പ്രീതിയെ കാണാതായത്.
കാമുകനുമായി സിഡ്നിയിലെ മാർക്കറ്റ് റോഡിന് സമീപത്തെ ഹോട്ടലിൽ പ്രീതി താമസിച്ചിരുന്നു. തുടർന്ന് വീട്ടിലേക്ക് വിളിച്ച അവർ പ്രഭാത ഭക്ഷണത്തിന് ശേഷം വീട്ടിലേക്കെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏരെ വൈകിയിട്ടും പ്രീതി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സെന്റ് ലിയനാർഡോയിൽ നടന്ന ഡെന്റൽ കോൺഫറൻസിൽ പങ്കടുത്ത പ്രീതിയെ ജോർജ് സ്ട്രീറ്റിന് സമീപത്തെ ഒരു റെസ്റ്റോറന്റിലാണ് അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്നുള്ള അന്വേഷണത്തിൽ ചൊവ്വാഴ്ച ഇവരുടെ കാർ റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരമാകെ കുത്തേറ്റ നിലയിൽ സ്യൂട്ട്‌ക്കേസിലാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ഇവർക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിനെ റോഡപകടത്തിൽ മരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ അപകടപ്പെടുത്തി കൊലചെയ്തതാകാമെന്നും കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച നിലയിലാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് മെൽബൺ പൊലീസ് അറിയിച്ചു.