ദോഹ: പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിടുകയും പാക് തടങ്കലിൽ നിന്ന് ധീരനായി തിരിച്ചെത്തുകയും ചെയ്‌ത അഭിനന്ദൻ വർദ്ധമാന്റെ മീശയാണ് ഇപ്പോൾ നാട്ടിലെ താരം. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ജോസഫ് സ്റ്റാലിൻ ഉൾപ്പെടെ ചരിത്രത്തിൽ നിന്ന് പല പ്രശസ്ത മീശകളും പല കാലത്ത് പലയിടത്തും ആരാധകമുഖങ്ങളിലേക്കു പടർന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇന്ത്യയിൽ തരംഗമാകുന്നത് അഭിനന്ദന്റെ മീശയാണ്. ഈ മീശ അഭിനന്ദൻ തിരിച്ചെത്തിയതിന് പിന്നാലെ വയ്ക്കാനായ സന്തോഷത്തിലണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം.
ദോഹയിൽ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണിൽ നിന്നാണ് ജിബി 'അഭിനന്ദൻ മീശ' വച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശി അബ്ദുൽ കരീം ഇസയാണ് ബ്യൂട്ടീഷൻ. മീശ വച്ച ശേഷം സലൂണിലെ കസേരയിൽ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലർ തനിക്ക് ഹസ്തദാനം ചെയ്‌തെന്നും കൈയടിച്ചെന്നും എറണാകുളം തിരുവാണിയൂർ ഇലയിടത്ത് ഇഞ്ചിപ്പറമ്പിൽ കുടുംബാംഗമായ ജിബി പറഞ്ഞു.
ഖത്തറിൽ അഭിനന്ദൻ മീശ വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയർത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഭാരതീയർ 'അഭിനന്ദൻ മീശ' സ്വന്തമാക്കിയെന്നും ജിബി പറഞ്ഞു. ഖത്തറിൽ ഡി.ഡി ഗ്രൂപ്പ് എം.ഡിയായ ജിബി ചാലക്കുടിയിൽ കല്ലേലീസ് പാർക് ഇൻ എന്ന ഹോട്ടലും നടത്തുന്നുണ്ട്.