മാൾഡ: ബംഗാളിൽ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം തീവച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ ഇയാൾക്ക് രക്ഷപെടാൻ സാധിക്കാതെ മരിക്കുകയായിരുന്നു. അതേസമയം, പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ഭർത്താവിന്റെ മരണ ശേഷം രണ്ടു പെൺമക്കൾക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. മുപ്പത്തിയഞ്ചുകാരനായ ഇയാൾ ഇവരെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. യുവതി വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയ ഇയാൾ അതിക്രമിച്ചു കയറി ഇവരെ മാനഭംഗപ്പെടുത്തുകയും സംഭവം പുറത്തറിയാതിരിക്കാൻ യുവതിയെ തീവച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തീ പടർന്നപ്പോൾ മനോധൈര്യം കൈവിടാത്ത യുവതി ആക്രമിയുടെ ദേഹത്ത് കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പിടിക്കുകയും ചെയ്തു.
വീട്ടിൽ നിന്ന് രൂക്ഷ ഗന്ധം ഉയർന്നതിനെ തുടർന്ന് സമീപവാസികൾ ഓടിക്കൂടുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായികരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു. യുവതിയുടെ വീട്ടിൽ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അപ്പുറത്താണ് യുവാവിന്റെ വീട്. സ്ഥിരമായി ഇയാൾ യുവതിയുടെ വീടിനടുത്ത് വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത്രയും ദൂരം സഞ്ചരിച്ച് ഇയാൾ എന്തിനാണ് ഇവരുടെ വീടുവരെ എത്തിയതെന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ടെന്നും, ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.