കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞടുപ്പിൽ കൈവിട്ട വടകര പിടിക്കാൻ പി.ജയരാജനെ കളത്തിലിറക്കി സി.പി.എം നേതൃത്വം.വടകര ലോക്‌സഭാ മണ്ഡലത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
യോഗത്തിൽ പി.സതീദേവിയുടെയും, പി.എ മുഹമ്മദ് റിയാസിന്റെയും, വി ശിവദാസന്റെയും പേരുകൾ ഉയർന്നെങ്കിലും പി ജയരാജനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്നതിനാലാണ് പി ജയരാജനെ സി.പി.എം സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെ ഭൂരിപക്ഷം പേരും പി ജയരാജനെയാണ് പിന്തുണച്ചത്.
അതേസമയം, കോഴിക്കോട് മണ്ഡലത്തിൽ എ.പ്രദീപ് കുമാർ എം.എൽ.എ സ്ഥാനാർത്ഥിയാവും എന്ന് ഏതാണ്ട് ഉറപ്പായി. ഇതുവരെ ഈ സ്ഥാനത്തേക്ക് ശക്തമായി കേട്ടിരുന്ന ഡി.വൈ.എഫ് .ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ലിസ്റ്രിൽ നിന്നു തന്നെ ഒഴിവാക്കി. ഇന്നലെ നടന്ന സി.പി.എം സെക്രട്ടേറിയറ്രിൽ റിയാസിന് കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല. വീണ്ടും മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിയിൽ നിന്ന് ഇന്നസെന്റിനെ ഒഴിവാക്കാൻ സാദ്ധ്യതയില്ല.
അതേസമയം, ഈ സീറ്രിലേക്ക് പരിഗണിച്ചിരുന്ന പി.രാജീവ് എറണാകുളത്തു മത്സരിക്കാനോ ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റി രാജീവിനെ ചാലക്കുടിയിൽ മത്സരിപ്പിക്കാനോ സദ്ധ്യത തെളിയുന്നുണ്ട്. നിലവിലുള്ള എം.പിമാരിൽ പി.കരുണാകരൻ ഒഴിച്ചുള്ളവരെല്ലാം മത്സരിക്കും. കാസർകോട് കെ.പി.സതീഷ് ചന്ദ്രനാവും സ്ഥാനാർത്ഥി.
ജനതാദളിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം തിരിച്ചെടുത്ത് ഡോ. സിന്ധുമോൾ ജേക്കബിനെ മത്സരിപ്പിക്കും. കൊല്ലത്ത് കെ.എൻ.ബാലഗോപാൽ, പത്തനംതിട്ടയിൽ വീണാജോർജ്ജ്, ആലപ്പുഴയിൽ എ.എം. ആരിഫ്, മലപ്പുറത്ത് എസ്.എഫ്.ഐ നേതാവ് വി.പി സാനു എന്നിവരാവുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്.