ayodhya

ന്യൂഡൽഹി: അയോദ്ധ്യകേസുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥരെ നിയമിക്കുന്നതിൽ ഉത്തരവ് പിന്നീടെന്ന് സുപ്രീംകോടതി.

മദ്ധ്യസ്ഥ ശ്രമത്തെ മുൻധാരണയോടെ കാണരുതെന്ന് ഹിന്ദുസംഘടനകളോട് സുപ്രീംകോടതി പറഞ്ഞു. അയോദ്ധ്യ കേസ്‌ കേവലം ഭൂമി തർക്കം മാത്രമല്ല, അത് മതപരവും വൈകാരികവുമായ വിഷയമാണ്. മുൻ വിധിയോടെയാണ് മദ്ധ്യസ്ഥത നടക്കില്ലെന്ന് നിങ്ങൾ പറയുന്നതെന്നും മദ്ധ്യസ്ഥ ശ്രമത്തെ എതിർത്ത ഹിന്ദുമഹാസഭയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. മദ്ധ്യസ്ഥ ശ്രമത്തെ അനൂകൂലിക്കുന്ന നിലപാടാണ് മുസ്ലിം സംഘടനകൾ സ്വീകരിച്ചത്. കേസിൽ വിധി പറയുന്നത്‌ കോടതി മാറ്റി.

മദ്ധ്യസ്ഥതയുടെ ഫലത്തെക്കുറിച്ചു കോടതി വ്യാകുലപ്പെടുന്നില്ല. ഇതിനു രഹസ്യ സ്വഭാവം ഉണ്ടാകും. മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നും കോടതി അറിയിച്ചു. അതേസമയം മദ്ധ്യസ്ഥതയെ സുന്നി വഖഫ് ബോർഡ് പിന്തുണച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു കേസ് പരിഗണിച്ചത്.

വിശ്വാസ സ്വാതന്ത്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒത്തുതീർപ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിനു സാദ്ധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്നാണു കോടതി നിലപാട്. സുപ്രീംകോടതിയിലെ പ്രഗൽഭരായ മദ്ധ്യസ്ഥരെ നിയോഗിച്ച് അയോദ്ധ്യ പ്രശ്നം പരിഹരിക്കുന്നതിനാണു ശ്രമം.