ഓപ്പോയുടെ ഏറ്റവും പുതുയ മോഡലായ എഫ്11 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. നോച്ച് ഡിസ്‌പ്ലേ ഒഴിവാക്കി ഫുൾ സ്ക്രീൻ മോഡലായി അവതരിപ്പിച്ച ഫോണാണ് എഫ് 11 പ്രോ. കാമറ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണീയ ഘടകം. സ്മാർട്ട്ഫോൺ ലോകത്തെ പുതിയ ട്രെന്റായിമാറിയ 48മെഗാപിക്‌സൽ കാമറയാണ് ഫോണിലുള്ളത്.
ഫുൾസ്ക്രീൻ മോഡലായി പുറത്തിറക്കിയ എഫ്11 പ്രോയ്ക്ക് 6.5ഇഞ്ച് ഐ.പി.എസ് എൽ.സി.ഡി സ്ക്രീനാണുള്ളത്. 1080x2340പിക്‌സൽ റേഷ്യോയാണ് സ്ക്രീനുള്ളത്. കാമറയ്ക്ക് ഏറെ പ്രാധാന്യം കൽപിച്ച് പുറത്തിറക്കിയിരിക്കുന്ന ഫോണിന് പിന്നിൽ 48മെഗാപിക്‌സൽ പിൻ കാമറയും, മുന്നിൽ 12മെഗാപിക്‌സൽ കാമറയുമാണുള്ളത്.
ലോ ലൈറ്റിൽ മികച്ച പോർട്രെയിറ്റ് ഫോട്ടോയെടുക്കാൻ സാധിക്കുന്ന വിധത്തിൽ പ്രോ മോഡും ഫോണിലുണ്ട്. ഫുൾ സ്ക്രീൻ ഫോണായതിനാൽ മുൻ കാമറ എങ്ങനെ വരും എന്നല്ലേ? എഫ്11 പ്രോയിൽ പോപ് അപ്പ് മുൻ കാമറയാണുള്ളത്. ആവശ്യമുള്ളപ്പോൾ കാമറ പുറത്തേക്ക് വരും. എ.ഐ അധിഷ്ഠിതമായ കാമറയാണ് എഫ്11 പ്രോയിലുള്ളത്. സോണിയുടെ ഐ.എം.എക്സ് 586 സെൻസറാണ് എഫ്11 പ്രോയിലുള്ളത്.
6ജിബി റാം മെമ്മറി ശേഷിയുള്ള ഫോണിൽ 128ജി.ബി ഇന്റേണൽ മെമ്മറിയും ഉൾപ്പെടുത്തിയിട്ടുണ്ട്. 4ജി.ബി റാം ഉള്ള ഫോണിൽ(നോച്ച് ഡിസ്‌പ്ലേ മോഡൽ) 64ജി.ബി മെമ്മറിയും ഉണ്ട്. മീഡിയടെക് ഹീലിയം പി70 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 4000എം.എ.എച്ച് ബാറ്ററിയുള്ള ഫോണിൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉണ്ട്. ഇതിനായി വി.ഒ.ഒ.സി (വൂക്ക്)3.0 ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പ് 9പൈ ആധിഷ്ഠിതമായ കളർ ഒ.എസ് 6.0യാണ് ഫോണിൽ പ്രവർത്തിക്കുന്നത്. തണ്ടർ ബ്ലാക്ക്, ഓറ ഗ്രീൻ എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് എഫ്11 പ്രോ ലഭിക്കുക. എഫ്11 പ്രോയ്ക്ക് 24,990രൂപയാണ് വില. നോച്ച് ഡിസ്‌പ്ലേ വരുന്ന മോഡൽ ഫോണിന് 19,990രൂപയാണ് വില.