തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും സിറ്റിംഗ് എം.പിയായ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ ആശങ്കയറിയിച്ച് ചാലക്കുടി പാർലമെന്ററി കമ്മിറ്റി. മണ്ഡലത്തിൽ ഇന്നസെന്റ് വീണ്ടും സ്ഥാനാർതഥിയായാൽ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് ചാലക്കുടി പാർലമെന്ററി കമ്മിറ്റി അറിയിച്ചു. പി.രാജീവിനെയും സാജുപോളിനെയും മണ്ഡലത്തിൽ പരിഗണിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു.
കാസർകോട് എം.പി പി. കരുണാകരൻ ഒഴിച്ചുള്ള സിറ്റിംഗ് എം.പിമാരെയെല്ലാം വീണ്ടും കളത്തിലിറക്കാൻ സി.പി.എമ്മിൽ ഇന്നലെ ധാരണയായിരുന്നു. ചാലക്കുടി എം.പി ഇന്നസെന്റിന്റെ ആരോഗ്യപ്രശ്നം നോക്കി അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടാനാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ തീരുമാനം. യോഗത്തിൽ ധാരണയായ സാദ്ധ്യതാ പാനൽ ഇന്ന് ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. ജില്ലാകമ്മിറ്റികളുടെ അംഗീകാരത്തോടെ നാളെ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്താവും അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുക.
ധാരണയനുസരിച്ച് പി.കെ. ശ്രീമതി (കണ്ണൂർ), പി.കെ. ബിജു (ആലത്തൂർ), എം.ബി. രാജേഷ് (പാലക്കാട്), ജോയ്സ് ജോർജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങൽ) എന്നിവരാണ് വീണ്ടും മത്സരിക്കുക. കാസർകോട്ട് പി. കരുണാകരന് പകരം മുൻ ജില്ലാ സെക്രട്ടറിയും മുൻ തൃക്കരിപ്പൂർ എം.എൽ.എയുമായ കെ.പി. സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയാകും. വടകരയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി പി. സതീദേവി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജൻ എന്നിവരാണ് സാദ്ധ്യതാപട്ടികയിൽ.