ന്യൂഡൽഹി: ജീവിതത്തിൽ ബുദ്ധിമുട്ടും പ്രയാസവും കാരണം മദ്യത്തിനടിമയാകുന്നു എന്ന് സങ്കടപ്പെടുന്നവർ ഒരു നിമിഷം ശ്രദ്ധിക്കുക. നിങ്ങളുടെ കൈയിലുള്ള മദ്യക്കുപ്പിയുമായി നേരെ ഡൽഹി പുരാന ഖിലയിലെ ഭൈരവ ക്ഷേത്രത്തിലെത്തിക്കോളൂ. അവിടെ നിങ്ങളെത്തിക്കുന്ന മദ്യക്കുപ്പിയും കാത്ത് ഭൈരവ rദേവനുണ്ടാകും. മദ്യവും മദ്യത്തിന്റെ മണവും ആരാധനാലയങ്ങളിലോ...എന്ന് അമ്പരക്കണ്ട. സംഗതി സത്യമാണ് ഈ ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവും ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ്.
നൂറു കണക്കിനാളുകളാണ് ഭൈരവ് ബാബയ്ക്ക് മദ്യം സമർപ്പിച്ച് പ്രാർത്ഥനാ പുണ്യം നേടാനായി ഇവിടെ എത്തുന്നത്. പുരാന കിലയിലാണ് ഭൈരവ് ബാബയുടെ ക്ഷേത്രം. വിദേശമദ്യം പ്രധാന നിവേദ്യമാകുന്നതിനാലാണ് ഈ ക്ഷേത്രം ലോകപ്രശസ്തമാകുന്നത്. മദ്യം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ഭക്തരുടെ ഏത് ആഗ്രഹവും ഭൈരവ് ബാബ സാധിപ്പിച്ചു തരും എന്നാണ് വിശ്വാസം. മദ്യക്കുപ്പി പൂക്കൾക്കൊപ്പം താലത്തിൽ വച്ചുകൊണ്ടുവരുന്ന അപൂർവ കാഴ്ച്ചയും ഇവിടെ കാണാം. കുപ്പി പൊട്ടിച്ച് പൂജാരി അതിൽനിന്നല്പം ഭൈരവ് ബാബയ്ക്ക് സമർപ്പിക്കും.
ബാക്കി വരുന്ന മദ്യം ഭക്തന് തിരികെ നൽകും. അത് വീട്ടിൽ കൊണ്ടുപോയി കുടിച്ചു തീർക്കാം. അല്ലെങ്കിൽ അമ്പലത്തിലെ മറ്റു ഭക്തർക്ക് വിതരണം ചെയ്യാം. ഇങ്ങനെ കിട്ടുന്ന മദ്യത്തിനായി നിരവധി ഭക്തരാണ് ഗ്ലാസുമായി അമ്പലത്തിന്റെ നടയിൽ കാത്തുനിൽക്കുന്നത്. പ്രസാദം വെള്ളംപോലും ചേർക്കാതെ അപ്പോൾതന്നെ അകത്താക്കുകയും ചെയ്യും.