വാഷിംഗ്ടൺ: ലോകപ്രശസ്തഗായകൻ മൈക്കൽ ജാക്സന്റെ ജീവിതവും കരിയറും മരണവുമൊക്കെ വർഷങ്ങൾക്കിപ്പുറവും വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുകയാണ്. ''ലീവിംഗ് നെവർലാൻഡ്: മൈക്കൽ ജാക്സൺ ആൻഡ് മീ" എന്ന ഡോക്യുമെന്ററിയാണ് പുതിയ വിവാദങ്ങൾക്ക് പിന്നിൽ.
ജാക്സൺ ബാലപീഡകനായിരുന്നുവെന്ന് സമർത്ഥിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഇത് അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല, മകൾ പാരിസിനെയും വലിയതോതിൽ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഭിനയത്തിൽ തുടക്കംകുറിക്കാനൊരുങ്ങുന്ന തനിക്ക് പിതാവിനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം വിവാദങ്ങൾ നെഗറ്റീവായി ബാധിക്കുമെന്നാണ് പാരീസ് പറയുന്നത്. തനിക്ക് ഇക്കാര്യത്തിലുള്ള ആശങ്ക തന്റെ സുഹൃത്തുക്കളോട് പാരീസ് പങ്കുവച്ചുവെന്നാണ് വിവരം.
അച്ഛനെ മാത്രമെന്തിനാണ് ഇങ്ങനെ വിടാതെ പിന്തുടരുന്നതെന്നാണ് പാരീസ് ചോദിക്കുന്നത്. അഭിനയത്തിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ പാരീസിന് പുതിയ ഡോക്യുമെന്ററി തലവേദന ഉണ്ടാക്കിയിരിക്കുകയാണത്രെ! കഴിഞ്ഞ വർഷം പാരീസ് ഒരു സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും വിവാദങ്ങളൊക്കെ കണ്ട് സംവിധായകർ പിന്മാറുമെന്നും തനിക്ക് അവസരങ്ങൾ കുറയുമെന്നുമാണ് അവർ പറയുന്നത്.
ഈയടുത്തകാലത്തായി മാനസികാസ്വാസ്ഥ്യത്തിന് പാരീസ് ചികിത്സയിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ജീവിതത്തിലുടനീളം പിതാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മകളെ അത്രയേറെ മാനസികമായി തളർത്തിയെന്നുവേണം കരുതാൻ.