ടെക്സാസ്: ആഗോള പകർച്ചവ്യാധിയായ എയ്ഡ്സിനെ തിരിച്ചറിഞ്ഞതിനുശേഷം ലോകത്ത് രണ്ടാം തവണ ഒരു എച്ച്.ഐ.വി ബാധിതൻ ജീവിതത്തിലേക്ക് തിരികെവന്നു. ആദ്യമായി രോഗം ഭേദമായ ആളെക്കുറിച്ചുള്ള വാർത്തകൾ വന്ന് പന്ത്രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു ശുഭവാർത്ത.
ഗവേഷകരുടെ ഏറെനാളത്തെ ശ്രമഫലമായാണിതെന്നാണ് റിപ്പോർട്ടുകൾ. എച്ച്.ഐ.വി അണുബാധയ്ക്ക് പരിഹാരം കണ്ടെത്തൽ സാധ്യമാണെന്നാണ് ഇതിലൂടെ ഗവേഷകർ പറഞ്ഞുവയ്ക്കുന്നത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് രോഗിയ്ക്ക് ചികിത്സ നടത്തിയത്. രണ്ടു കേസുകളിലും ഒരേതരത്തിലാണ് ചികിത്സ നടന്നത്. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ ആൾ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ എച്ച്.ഐ.വി ബാധയിൽ നിന്ന് മുക്തനാകുന്നത്. ലണ്ടനിൽ ഡോക്ടർ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. നിലവിൽ മുന്നിലുള്ള രണ്ട് ഉദാഹരണങ്ങളും കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനായെന്നും നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു.