ബഹമാസ്: ഹണിമൂണൊക്കെ ആഘോഷിച്ച് തിരികെവരാൻ നേരം നമ്മളില്ലാതെ വണ്ടിവിട്ടുപോയാലെന്തുചെയ്യും? അതും ബാഗും പണവും രേഖകളുമൊക്കെ വണ്ടിയിലകപ്പെട്ടുപോയാൽ... ചിന്തിക്കുമ്പോൾ പോലും തലപെരുക്കും. എന്നാലിതാ അത്തരത്തിലൊരു കഥയാണ് ഹണിമൂണാഘോഷിക്കാൻ പോയ അമേരിക്കൻ നടി മരിയ ഗോൺസാലെസിനും ഭർത്താവ് അലസാൺ ട്രോ ഡി പാമയ്ക്കും പറയാനുള്ളത്.
ഇരുവരും തിരികെ മടങ്ങാനായി കരീബിയൻ ക്രൂയിസെന്ന കപ്പലിന് തൊട്ടരികിലെത്തിയപ്പോഴാണ് കപ്പൽ ഇവരെക്കൂടാതെ മുന്നോട്ട് നീങ്ങിയത്. ഇരുവരുടെയും പാസ്പോർട്ട്, പണമടങ്ങിയ ബാഗ്, വസ്ത്രങ്ങൾ ഒക്കെ കപ്പലിലായിപ്പോകുകയും ചെയ്തു. ഇരുവരും കപ്പലിനടുത്തേക്ക് ഓടിവരുന്നതും കപ്പൽ വാതിലടച്ച് മടങ്ങുന്നതും ഇവിടെനിന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളിലുമുണ്ട്. ഒരു വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ അനുഭവത്തെ പേടിസ്വപ്നമെന്നാണ് 26കാരിയായ മരിയ വിശേഷിപ്പിക്കുന്നത്.
ഏഴുദിവസത്തെ ക്രൂയിസിന്റെ യാത്രയിലെ ആറാം ദിവസമായിരുന്നു ബഹമാസിലെ ആ ദിനം. സാധാരണ വൈകിട്ട് 5.30 ന് എടുക്കാറുള്ള കപ്പൽ ഇത്തവണ രണ്ട് മണിക്കൂർ മുമ്പ് നീങ്ങിയത്രെ! രണ്ട് കപ്പൽ ജീവനക്കാർക്കൊപ്പമാണ് മരിയയും അലസാൺട്രോയും പെട്ടുപോയത്.
ഇതുവരെ ഒരു ട്രെയിനോ വിമാനമോ പോലും തനിക്ക് മിസായിട്ടില്ലെന്നാണ് ജേർണലിസ്റ്റ് കൂടിയായ മരിയ അമ്പരപ്പോടെ പറയുന്നത്. ഞങ്ങൾ കയറിയിട്ടില്ലെന്ന് മനസിലായിട്ടും അവർ വിട്ടുപോയതാണ് തങ്ങളെ ഏറ്റവും വിഷമിപ്പിച്ചതെന്നാണ് ഇരുവരും പറയുന്നത്. എന്തായാലും ഹണിമൂൺ ചളമായെന്ന് പറഞ്ഞാൽമതിയല്ലോ...
വീഡിയോ കാണാം.....