''തനിക്കെന്താടോ ഈ നാട്ടിലെ മുഖ്യമന്ത്രി സംസാരിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ലേ. പല്ലു ഞെരിക്കുന്നുണ്ടല്ലോ... "
മുഖ്യമന്ത്രി രാഹുലിന്റെ ശബ്ദത്തിനു മൂർച്ച കൂട്ടി:
''ബൈ ഇലക്ഷന് ഞാൻ ജയിച്ചില്ലെങ്കിൽ പോലും ആറുമാസം ഞാൻ കസേരയിൽ ഉണ്ടാവും. ഹോം മിനിസ്റ്ററും ഞാൻ തന്നെയാണെന്ന കാര്യം മറക്കണ്ടാ. "
''സാർ..... " എസ്.പി അരുണാചലം ഒന്ന് ഇളകിനിന്നു.
രാഹുൽ സംസാരിക്കുന്നതുകേട്ട് ഹാളിൽ ഉണ്ടായിരുന്നവരുടെ മുഴുവൻ ശ്രദ്ധ അവിടേക്കായി.
അരുണാചലത്തിൽ നിന്നു കണ്ണുകളെടുക്കാതെ അവൻ തുടർന്നു:
''ഞാൻ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം. നടക്കാൻ പറഞ്ഞാൽ നടന്നോണം. അല്ലാതെ ഐ.പി.എസ് എന്ന മൂന്നക്ഷരത്തിന്റെ പിൻബലം ഉണ്ടെന്നു കരുതി എന്തെങ്കിലും അഹങ്കാരത്തിനു മുതിർന്നാലുണ്ടല്ലോ.. തനിക്ക് മനസിലാകുന്നുണ്ടോ?"
മറ്റുള്ളവർ പരിഹാസത്തോടെ തന്നെ തുറിച്ചു നോക്കുന്നത് അരുണാചലം കണ്ടു.
അയാൾക്ക് ആകെ പെരുത്തു കയറി. ശരീരം മുഴുവൻ അസ്വസ്ഥതയുടെ ചോണനുറുമ്പുകൾ പാഞ്ഞു.
അയാളുടെ പ്രതികരണം പെട്ടെന്നായിരുന്നു.
''ഇല്ല സാർ. എനിക്കൊന്നും മനസ്സിലായില്ല."
''ങ്ഹേ?" ഇത്തവണ അമ്പരന്നത് രാഹുലാണ്. എടോ.... "
''സാറ് ഇത്രയും പറഞ്ഞല്ലോ. ഇനി ഞാനും ഒന്നു പറയട്ടെ. ഈ ഐ.പി.എസ് എന്നു പറയുന്ന മൂന്നക്ഷരം, കണ്ട അണ്ടനും അഴകോടനും ഒന്നും കിട്ടുന്നതല്ല. അതിനു കഴിവുവേണം. ബുദ്ധിശക്തിയും കായികശേഷിയും വേണം. മന്ത്രിയാകണമെങ്കിൽ ഇതൊന്നും വേണ്ടെന്നും ഓർക്കണം. "
''എടോ. " അലറിക്കൊണ്ട് ചാടിയെഴുന്നേറ്റ രാഹുൽ, അരുണാചലത്തിനു നേർക്കു കൈചൂണ്ടി.
''താൻ ആരോടാണ് ഇങ്ങനെ സംസാരിച്ചതെന്ന് അറിയാമോ?"
''സംസാരിക്കുന്നത് ആരോടാണെങ്കിലും അതിൽ സത്യവും നീതിയും മതി സാർ. പിന്നെ നല്ല തന്തയ്ക്കു പിറന്നതിന്റെ നട്ടെല്ലും. ആരെയും ചതിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസവും."
അരുണാചലവും വിട്ടുകൊടുത്തില്ല.
തന്റെ ആളുകൾക്കു മുന്നിൽ നഗ്നനാക്കപ്പെട്ട അവസ്ഥയായിരുന്നു രാഹുലിന്.
അകത്തെ ബഹളം കേട്ട് സിറ്റൗട്ടിൽ ഇരുന്ന മുൻ മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ ഗൂഢമായ ഒരു ചിരിയോടെ അകത്തേക്കു പാളിനോക്കി.
രാഹുൽ ഗർജിച്ചു.
''ഗെറ്റ് ഔട്ട്. താൻ ഓഫീസിൽ എത്തുമ്പോൾ തന്റെ മെയിലിലുണ്ടാവും ട്രാൻസ്ഫർ ഓർഡറും പുതിയ പദവിയും. ഇനി നഷ്ടത്തിലോടുന്ന സർക്കാർ ബസിന്റെ സ്റ്റീയറിംഗ് ആയാൽ മതി താൻ. ഏത് പൊന്നുമോനെയും മര്യാദ പഠിപ്പിക്കുന്ന കറ തീർന്ന യൂണിയൻകാരുണ്ട് അവിടെ. അവിടെ അവർ നിന്നെ മര്യാദ എന്തെന്നു പഠിപ്പിച്ചോളും. "
അരുണാചലത്തിന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായി.
''താങ്ക്യൂ സാർ. "
അവനെ പരിഹസിക്കും വിധം ഒരിക്കൽക്കൂടി സല്യൂട്ടു ചെയ്തിട്ട് അരുണാചലം പുറത്തേക്കു നടന്നു. ഗ്രാനൈറ്റ് ഫ്ളോറിൽ വെടിയൊച്ച പോലെ കാലടി ശബ്ദം ഉയർന്നു.
''സ്കൗണ്ട്റൽ." രാഹുൽ കടപ്പല്ലമർത്തി.
വാതിൽക്കൽ എത്തും മുൻപ് അരുണാചലം നിന്നു. തോളിനു മുകളിലൂടെ തല തിരിച്ചു നോക്കി.
''ആ പറഞ്ഞയാൾ തെക്കുഭാഗത്തെ ചിതയിൽ എരിഞ്ഞമരുന്നുണ്ട്. "
കവിളടക്കം ഒരടിയേറ്റതുപോലെയായി രാഹുൽ വീണ്ടും.
അവന്റെ പ്രതികരണത്തിനു കാത്തുനിൽക്കാതെ അരുണാചലം ഇറങ്ങിപ്പോയി. അതിനിടെ വേലായുധൻ മാസ്റ്ററെ ഒന്നു നോക്കുകയും ചെയ്തു.
രാഹുൽ എഴുന്നേറ്റ് അകത്തെ മുറിയിലേക്കു പോയി.
അവിടെ വിക്രമനും സാദിഖും ഉണ്ടായിരുന്നു.
അവൻ അവരെ ചില കാര്യങ്ങൾ പറഞ്ഞ് ഏർപ്പെടുത്തി.
ആ സമയം കോഴഞ്ചേരിയിൽ ഉണ്ടായിരുന്നു പിങ്ക് പോലീസ്.
എസ്.ഐ വിജയയുടെ ഫോൺ ശബ്ദിച്ചു.
അവൾ അതെടുത്തു നോക്കി. പിന്നെ ഝടുതിയിൽ അറ്റന്റു ചെയ്തു.
''സാർ..... "
''വിജയ... കം റ്റു മൈ ഓഫീസ്. ഇംമീഡിയറ്റ്ലി. "
അപ്പുറത്തു നിന്ന് എസ്.പി അരുണാചലത്തിന്റെ ശബ്ദം.
അവൾ ഒന്നു പകച്ചു.
[തുടരും]