genesis

ജറുസലേം: ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിക്കൊപ്പം ഒരു സെൽഫി ആയാലോ. ഇസ്രയേലിന്റെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ വാഹനമായ 'ഹീബ്രു ഫോർ ജെനെസിസ്" ആണ് ഭൂമിക്കൊപ്പം സെൽഫി പകർത്തി ഭൂമിയിലേക്ക് അയച്ചുകൊടുത്തത്. ഭൂമിയിൽ നിന്ന് 35,000 കിലോമീറ്ററിനപ്പുറം പിന്നിട്ടപ്പോഴാണ് ജെനെസിസ് സെൽഫിക്ക് പോസ് ചെയ്തത്.

ഇസ്രയേലിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്പേസ് ഐ.എൽ ആണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ബഹിരാകാശ വാഹനത്തിന്റെ ഒരു ഭാഗവും പശ്ചാത്തലത്തിൽ ഭൂമിയും അടങ്ങുന്നതാണ് ചിത്രം. 'ആസ്ട്രേലിയ വ്യക്തമായി കാണാം, ഇസ്രയേൽ നീണാൽ വാഴട്ടേ" എന്ന അടിക്കുറിപ്പോടെയാണ് സ്പേസ് ഐ.എൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് കേപ് കനാവ്രലിൽ നിന്ന് ചന്ദ്രനിലേക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ മുതൽമുടക്കിൽ നിർമ്മിച്ച വാഹനം എലൺ മസ്‌കിന്റെ ഫാൽകൺ 9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഏപ്രിൽ 11 ഓടുകൂടി ഈ ആളില്ലാ വാഹനം ചന്ദ്രനിലെത്തും.