എല്ലാ വർഷവും മാർച്ച് 6 ലോക ദന്തിസ്റ്റ് ദിനമായി ആചരിക്കുന്നു. ദന്തശാസ്ത്രത്തിലെ പുതിയ പ്രവണതകളേയും ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പലപ്പോഴും വിസ്മൃതിയിലാണ്ടു പോകുന്ന ഒരു വിഷയമാണ് വയോജന ദന്താരോഗ്യം. ഇതാകട്ടെ ഇന്നത്തെ നമ്മുടെ ചർച്ചാവിഷയം.
ലോകത്തിന്റെ പ്രത്യേകിച്ചും ഭാരതത്തിന്റെ ആരോഗ്യമേഖലയിൽ വന്നിട്ടുള്ള പുരോഗതി ജീവിതദൈർഘ്യം കൂടാൻ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ജീവിതദൈർഘ്യം കൂടുന്തോറും സ്വാഭാവികമായും ദന്താരോഗ്യ പ്രശ്നങ്ങളുടെ തോതും കൂടുതൽ അനുഭവപ്പെടാറുണ്ട്.
വയോജന ദന്താരോഗ്യ പ്രശ്നങ്ങൾ
1. പല്ലിന്റെ വേരുകളെ ബാധിക്കുന്ന ദന്തക്ഷയം.
2. മോണരോഗങ്ങൾ - പ്രധാനമായും പല്ലിനെ താങ്ങിനിറുത്തുന്ന അസ്ഥിക്ക് ഭ്രംശം സംഭവിച്ച് പല്ലുകൾക്ക് ഇളക്കം വരുകയും മോണ പഴുപ്പിലേക്ക് നയിക്കുകയും ചെയ്യുന്നു.
3. പല്ല് നഷ്ടപ്പെട്ട ഭാഗത്തെ അസ്ഥിയുടെ ത്വരിതവേഗത്തിലുള്ള ക്ഷയിക്കൽ അഥവാ തേയ്മാനം - അതിനാൽ തന്നെ ഇടയ്ക്കിടെ കൃത്രിമ ദന്തങ്ങൾ മാറ്റിവയ്ക്കേണ്ടതായി വരുന്നു. പ്രമേഹ രോഗികളിൽ തോത് വർദ്ധിക്കും.
4. കൃത്രിമ ദന്തങ്ങൾ കാരണമുണ്ടാവുന്ന മുറിവുകളും നീർവീക്കവും. പ്രത്യേകിച്ചും അണ്ണാക്കിലാണ് ഇത് കൂടുതലായി കാണുന്നത്.
5. വായിലെ പൂപ്പൽ ബാധ.
6. പല്ലുകളുടെ നിറവ്യത്യാസം
7. വരണ്ടുണങ്ങിയ രീതിയിലുള്ള വായ
8. രുചിയിൽ വ്യത്യാസം അനുഭവപ്പെടുക.
പാലിക്കേണ്ട കാര്യങ്ങൾ
1. ദിവസവും രണ്ട് നേരവും വൃത്തിയായി മീഡിയം അഥവാ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.
2. പല്ലുകൾക്കിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനായി വിപണിയിൽ ലഭ്യമായ നൂലുകൾ [ദന്തൽ ഫ്ലോസ്] അല്ലെങ്കിൽ ഇന്റർ ദന്തൽ ബ്രഷുകൾ ഉപയോഗിക്കുക.
3. മോണരോഗം ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം വായ കഴുകുന്ന ലായനികൾ ഉപയോഗിക്കുക.
4. ബുദ്ധിമുട്ടൊന്നും തോന്നിയില്ലെങ്കിൽ കൂടി ആറുമാസത്തിലൊരിക്കൽ ദന്തരോഗ വിദഗ്ദ്ധനെ കാണുക. ഒരു ദന്തൽ പരിശോധന വർഷത്തിൽ രണ്ടുതവണ ഉറപ്പുവരുത്തുക.
5. മറ്റ് അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ വിവരം ദന്തരോഗ വിദഗ്ദ്ധനെ ധരിപ്പിക്കുക.
6. കൃത്രിമ ദന്തസെറ്റ് വൃത്തിയാക്കി സൂക്ഷിക്കുക.
7. പ്രമേഹവും രക്തസമ്മർദ്ദവുംനിയന്ത്രിക്കുക.
8. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക.
9. വായ ഒരു കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം പരിശോധിക്കുക. വെളുത്തതോ ചുവന്നതോ ആയ പാടുകൾ കണ്ടാൽ ദന്തരോഗ വിദഗ്ദ്ധനെ സമീപിക്കുക.സ്വയം ചികിത്സ ഒഴിവാക്കുക.
ഡോ.മണികണ്ഠൻ
കൺസൾട്ടന്റ്
പെരിയോഡോണ്ടിസ്റ്റ്
തിരുവനന്തപുരം.
ഫോൺ: 9496815829