ന്യൂഡൽഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ വർഷിച്ച 80 ശതമാനം ബോംബുകളും ലക്ഷ്യ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വ്യോമസേന കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചാണ് വ്യോമസേന ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബലാക്കോട്ട് ഭീകരാക്രമണം പരാജയമാണെന്നും ഭീകരക്യാമ്പുകൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് വ്യോമസേന തെളിവുമായി രംഗത്തെത്തിയത്. 12 പേജ് അടങ്ങുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് വ്യോമസേന സർക്കാരിന് സമർപ്പിച്ചത്. ഇതോടെ ബലാക്കോട്ട് വ്യോമാക്രമണം വിജയമായിരുന്നതിനുള്ള തെളിവ് കേന്ദ്ര സർക്കാരിന് ലഭിച്ചു. അതേസമയം, ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ പൈൻമരങ്ങൾക്കും വനങ്ങൾക്കും മാത്രമാണ് നശിച്ചതെന്ന് പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന് ശേഷം 11 ദിവസങ്ങൾ കൊണ്ടാണ് ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത്. ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷനാണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തു. ആദ്യ ആക്രമണം ബലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിർത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നായിരുന്നു.
പുലർച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയിബ , ഹിസ്ബുൾ മുജാഹിദ്ദിൻ എന്നിവയുടെ സംയുക്തക്യാമ്പ് തകർത്തു. പിന്നീട് പുലർച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലർച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകർത്ത് ഇന്ത്യൻ സംഘം മടങ്ങി.