ബാലാക്കോട്ട്: ബാലക്കോട്ടിൽ ഇന്ത്യയുടെ ശക്തമായ വ്യോമാക്രമണം കഴിഞ്ഞ് എട്ട് ദിവസം പിന്നിടുമ്പോഴും ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മത പഠനകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ കേടുപാടുകളില്ലാതെ നിൽക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഭീകര ക്യാമ്പുകൾ പൂർണമായി തകർത്തെന്ന് ഇന്ത്യ വാദിക്കുന്നതിനിടെയാണ് യു.എസിലെ സ്വകാര്യ സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ജയ്ഷെയുടെ മദ്രസകൾ പ്രവർത്തിക്കുന്ന ആറോളം കെട്ടിടങ്ങൾ ബലാക്കോട്ടിലുണ്ടെന്നാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ഇവർ ഇന്ത്യയോട് ചോദിച്ചെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോംബ് വർഷത്തിന്റെ യാതൊരു വിധത്തിലുമുളള തെളിവുകൾ ഈ ചിത്രങ്ങൾ നൽകുന്നില്ലെന്ന് മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷനൽ സ്റ്റഡീസിലെ പ്രൊജക്ട് ഡയറക്ടർ ജെഫ്രി ലൂയിസ് അഭിപ്രായപ്പെട്ടു.