mazood-azhar

ന്യൂഡ‍ൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെതിരായ തെളിവുകൾ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അംഗ രാജ്യങ്ങൾക്ക് കൈമാറി. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചൈനയുമായും രക്ഷാസമിതിയിലെ മറ്റ് 14 അംഗ രാജ്യങ്ങളുമായും ഇന്ത്യ ചർച്ച നടത്തിവരികയാണ്. മാർച്ച് 13 വരെ ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾക്ക് വ്യക്തത തേടാം. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാസമിതിയിൽ പുതിയ പ്രമേയം കൊണ്ടുവന്നിരുന്നു.

ജമ്മുവിലെയും പാകിസ്ഥാനിലെയും ജയ്‌ഷെ ഭീകരർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ നൽകിയ തെളിവുകളും ഉൾപ്പെടെയാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സമിതി ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ നേരത്തേ 3 തവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന വീറ്റോയിലൂടെ അത് തള്ളുകയായിരുന്നു.

ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ മസൂദ് അസറിന് രാജ്യാന്തര തലത്തിൽ യാത്രാ വിലക്ക്, സ്വത്തുക്കൾ മരവിപ്പിക്കൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് വിലക്ക് എന്നിവ നേരിടേണ്ടിവരും.