കാഞ്ചീപുരം: തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് മോദിയെ കൂടുതൽ അപമാനിക്കുകയെന്നതാണ് അവർക്കിടയിലെ മത്സരമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
ചിലർ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു. മറ്റുചിലർ തന്റെ ജാതിയെയാണ് അധിക്ഷേപിക്കുന്നത്. ഇപ്പോൾ ഒരു കോൺഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് വരെ സംസാരിച്ചു. എന്നാൽ ഇതൊന്നും എന്നെ ബാധിക്കില്ല., കാരണം എന്റെ ജോലികൾ ചെയ്ത് തീർക്കാനാണ് ഞാൻ ഇവിടെനിൽക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
കാഞ്ചീപുരത്ത് വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷന് എം.ജി.ആറിന്റെ പേര് നൽകുമെന്നും പ്രഖ്യാപിച്ചു.