pak-visa

ന്യൂഡൽഹി: പാകിസ്ഥാൻ പൗരന്മാരുടെ യു.എസ് വിസ കാലാവധി അഞ്ചു വർഷത്തിൽ നിന്ന് മൂന്നു മാസമാക്കി കുറച്ചതായി പാകിസ്ഥാനിലെ യു.എസ് എംബസി വക്താവ് അറിയിച്ചു. പാകിസ്ഥാനിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും പുതിയ നിയമം ബാധകമാകും.

യു.എസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസ് 11,227 രൂപയിൽ നിന്ന് 13,472 രൂപയായി ഉയർത്തിയിട്ടുമുണ്ട്. യു.എസിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാക് പൗരൻമാരുടെ വിസയിലും തൊഴിൽ കാലാവധിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും.

അമേരിക്കൻ പൗരന്മാർക്കുള്ള വിസാചട്ടത്തിലും നിരക്കിലും പാക് സർക്കാർ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് യു.എസ് നടപടിയെന്ന് എംബസി വക്താവ് വ്യക്തമാക്കി. പാകിസ്ഥാൻ അടുത്തിടെ യു.എസ് പൗരന്മാരുടെ വിസ കാലയളവ് കുറയ്ക്കുകയും അപേക്ഷാഫീസ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാനിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ മേയിൽ അമേരിക്ക യാത്രാവിലക്ക് പ്രഖ്യാപിച്ചപ്പോൾ സമാനമായി അമേരിക്കൻ നയതന്ത്രജ്ഞർക്ക് പാകിസ്ഥാനും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഭീകരരോട് പാകിസ്ഥാൻ പുലർത്തുന്ന അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് അമേരിക്കൻ നടപടിയെന്നാണ് സൂചന.