ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേന ബാലാക്കോട്ട് നടത്തിയ ആക്രമണത്തിന്റെ തെളിവ് ചോദിച്ച് പുൽവാമയിൽ വീരമൃത്യു വരിച്ച ജവൻാമരുടെ ബന്ധുക്കൾ. സി.ആർ.പി.എഫ്. ജവാന്മാരായ പ്രദീപ്കുമാറിന്റെയും രാം വകീലിന്റെയും ബന്ധുക്കളാണ് ബാലക്കോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കാണിക്കണം. ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താൻ വാദിക്കുമ്പോൾ ഭീകരർ കൊല്ലപ്പെട്ടെന്നത് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കുമെന്നും ഇവർ ചോദിച്ചു.
വ്യോമാക്രമണം നടന്നെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എവിടെ വ്യോമാക്രമണം നടത്തിയെന്നതിന് കൃത്യമായ തെളിവ് വേണം. തെളിവുകളില്ലാതെ എങ്ങനെ ഞങ്ങൾവിശ്വസിക്കുമെന്ന് രാം വകീലിന്റെ സഹോദരി രാംറക്ഷ ചോദിച്ചു. ഭീകരവാദികളുടെ മൃതദേഹങ്ങൾ കാണിക്കണമെന്നും എന്നാൽ മാത്രമേ തങ്ങൾക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും അവർ പറഞ്ഞു.
വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്റെ മാതാവും ഇതേ ആവശ്യംതന്നെയാണ് ഉന്നയിച്ചത്. ഭീകരർ മരിച്ചുകിടക്കുന്നത് ഞങ്ങൾക്ക് ടി.വിയിൽ കാണണം. ഭീകരവാദികളുടെ മൃതദേഹങ്ങൾ കാണണം- വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്റെ മാതാവ് സുലേലത പറഞ്ഞു.
ബാലാകോട്ട് വ്യോമാക്രമണത്തിൽ പാകിസ്താനിൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ വ്യോമസേന ബോംബ് വർഷിച്ചതെന്നും പാകിസ്താൻ വാദിച്ചിരുന്നു. ഇതിനുപിന്നാലെ ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ടുകൾ പുറത്തുവിട്ടു. എന്നാൽ പാകിസ്താന്റെ വാദങ്ങൾ തെറ്റാണെന്നും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായും ഇന്ത്യൻ വ്യോമസേനയും സർക്കാരും അവകാശപ്പെട്ടിരുന്നു.