ന്യൂഡൽഹി: കരാറിനു വിരുദ്ധമായി പാകിസ്ഥാൻ എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ കൈമാറിയ തെളിവുകൾ അമേരിക്ക പരിശോധിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ വ്യക്തമാക്കി. ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ), എഫ് 16 യുദ്ധവിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന വാദവുമായി ബുധനാഴ്ച പാകിസ്ഥാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യ പുറത്തുവിട്ടത്.
പാകിസ്ഥാന്റെ വ്യോമാതിർത്തിക്കുള്ളിലെ ഭീകരവിരുദ്ധ നടപടികൾക്കു മാത്രമേ എഫ് 16 ഉപയോഗിക്കാൻ പാടുള്ളൂ എന്നായിരുന്നു യു.എസുമായുള്ള കരാറെന്നാണ് സൂചന. ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കുന്നതിനു മുൻപു അമേരിക്കയിൽ നിന്ന് അനുവാദം വാങ്ങിയിരിക്കണമെന്നും കരാറിൽ പറയുന്നുണ്ട്.