ന്യൂഡൽഹി: സൈന്യത്തിന്റെയും വ്യോമാക്രമണത്തിന്റെയും പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സൈനികരുടെ ചിത്രങ്ങളും പുൽവാമയിലെ ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങളും പ്രചാരണത്തിന് ഉപയോഗിക്കന്നത് തടയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യം രാജ്യത്തിന്റേതാണെന്നും ഏതെങ്കിലും പ്രത്യേക പാർട്ടിയുടേത് മാത്രമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം ബൂത്തുകളിലെങ്കിലും വി.വി പാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നും സി.പി.എം ആവശ്യപ്പെട്ടു.