modi-rahul

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. അഴിമതി മറയ്ക്കാനാണ് റാഫേൽ ഇടപാട് സംബന്ധിച്ച രേഖകൾ മോഷണം പോയെന്ന വാദം കേന്ദ്രം ഉയർത്തുന്നത്. അഴിമതിയുടെ തുടക്കവും ഒടുക്കവും നരേന്ദ്രമോദിയിലാണെന്നും രാഹുൽ ആരോപിച്ചു.

റാഫേൽ ഇടപാടിൽ അഴിമതിയും അന്യായ പ്രവൃത്തിയുമാണു നടന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷനെ സഹായിക്കാനായി മോദി തന്റെ പദവി ദുരുപയോഗം ചെയ്തു, പൊതുപണം നഷ്ടപ്പെടുത്തിയെന്നും കോൺഗ്രസ് പറഞ്ഞു. മോദി തന്റെ അധികാരം ദുർവിനിയോഗം ചെയ്തതായി സംശയാതീതമായി തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഇന്ത്യൻ പീനൽകോഡിന്റെ വിവിധ വകുപ്പുകളും ഇതിൽ ചാർത്താം. മോദിക്കെതിരെയും മറ്റുള്ളവർക്കെതിരെയും എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.