vk

ന്യൂഡൽഹി: ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി വി.കെ.സിംഗ്. തല്ലിക്കൊന്ന കൊതുകുകളുടെ കണക്കെടുക്കുന്നതിനോടാണ് ബലാക്കോട്ടിൽ വധിച്ച ഭീകരരുടെ കണക്കെടുക്കുന്നതിനെ വി.കെ.സിംഗ് ഉപമിച്ചത്.

''പുലര്‍ച്ച മൂന്നരയ്ക്ക് അവിടെ നിറയെ കൊതുകുകളുണ്ടായിരുന്നു. ഞാൻ 'ഹിറ്റ്" ഉപയോഗിച്ച് അവയെ കൊന്നു. ഇനി ഉറങ്ങണോ അതോ ചത്ത കൊതുകുകളുടെ കണക്കെടുക്കണോ?" എന്നാണ് വി.കെ.സിംഗ് ട്വീറ്റ് ചെയ്തത്.

ബാലാക്കോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ്‌ വി.കെ.സിംഗ് തള്ളിക്കളഞ്ഞിരുന്നു. തെളിവുകൾ തരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ വി.കെ.സിംഗ് 1947 ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകൾ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു.

വ്യോമാക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടെന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ അവകാശവാദത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.