കൽബുർഗി: പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ എങ്ങനെ രണ്ടു ദിവസത്തിനകം രാജ്യത്ത് തിരിച്ചെത്തിച്ചെന്ന് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കർണാടകയിലും തമിഴ്നാട്ടിലും വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനു മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ പേരു നൽകുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി, തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിൽ അറിയിപ്പുകൾ തമിഴിലും കൂടി ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.
''അഭിനന്ദൻ രണ്ടു ദിവസത്തിൽ എങ്ങനെ ജന്മനാട്ടിൽ തിരിച്ചെത്തിയെന്ന് ആവർത്തിക്കുന്നില്ല, ശ്രീലങ്കയിൽ തൂക്കുകയർ കാത്തു കിടന്ന തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതെങ്ങനെയെന്ന് ആവർത്തിക്കുന്നില്ല, സർക്കാരിന്റെ ഇടപെടലിലൂടെ 850 ഇന്ത്യൻ തടവുകാരെയാണ് സൗദി മോചിപ്പിക്കുന്നത്" പ്രധാനമന്ത്രി പറഞ്ഞു. താൻ ഭീകരവാദവും ദൗരിദ്ര്യവും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം തന്നെ ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. ഒരു കോൺഗ്രസ് നേതാവ് മോദിയെ കൊല്ലുന്നതിനെപ്പറ്റിയാണു പറയുന്നത്. അതൊന്നും കാര്യമാക്കുന്നില്ല. ഞാനിവിടെ വന്നിരിക്കുന്നതു പ്രവർത്തിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി തിരഞ്ഞെടുപ്പുസഖ്യം പ്രഖ്യാപിച്ചശേഷം തമിഴ്നാട്ടിൽ മോദി പങ്കെടുത്ത ആദ്യ സമ്മേളനമായിരുന്നു ഇത്.