കവിത കോപ്പിയടിച്ചു എന്ന വിവാദത്തിൽ സോഷ്യൽ മീഡിയയലൂടെ ഏറെ വിമർശനം കേട്ട അദ്ധ്യാപികയാണ് ദീപാ നിശാന്ത്. യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ച് അദ്ധ്യാപക സംഘടയുടെ മാഗസിനിൽ അച്ചടിച്ച് വന്നതിനെ തുടർന്ന് ദീപ നിശാന്ത് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. അതേത്തുടർന്ന് കോപ്പിയടിക്ക് 'ദീപയടി' എന്ന പേരിൽ പല ട്രോളുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
.റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദീപ നിശാന്ത്. 'കവിത മാത്രമല്ല കറാറും ഇഷ്ടപ്പെട്ടാൽ എടുക്കാം!. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെ'! ദീപ ഫേസ്ബുക്കിൽ കുറിച്ചു.
പരാതിക്കാർ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകൾ പരാതിക്കൊപ്പം സമർപ്പിക്കുന്നതുവഴി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.