bjp

ലക്‌നൗ: പ്രാദേശിക റോഡ് പദ്ധതിയുടെ ശിലാഫലകത്തിൽ പേര് നൽകിയില്ലെന്ന പേരിൽ ഉത്തർപ്രദേശിലെ ബി.ജെ.പി എം.പി എം.എൽ.എയെ ചെരിപ്പുകൊണ്ടടിച്ചു. മാദ്ധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും നോക്കി നിൽക്കെയാണ് ബി.ജെ.പി എം.പി ശരത് ത്രിപാഠി, പാർട്ടിയുടെ എം.എൽ.എ രാകേഷ് ബാഖേലിനെ ചെരിപ്പുകൊണ്ടടിച്ചത്. ഇതോടെ എം.എൽ.എ തിരിച്ചും ചെരുപ്പുകൊണ്ട് എം.പിയെ അടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു.

ശാന്ത് കബീർ നഗറിലെ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിനിടെയാണ് ജനപ്രതിനിധികൾ തമ്മിൽ കൈയാങ്കളി നടന്നത്. റോഡ് വികസന പദ്ധതിയുടെ ശിലാഫലകത്തിൽ തന്റെ പേര് ഉൾപ്പെടുത്താത്ത കാര്യം ചൂണ്ടിക്കാട്ടിയ എം.പി എം.എൽ.എയോട് കയർത്തു.

എം.പിയുടെ പേര് ഒഴിവാക്കിയത് തന്റെ തീരുമാനമായിരുന്നെന്ന് എം.എൽ.എ പറഞ്ഞതോടെ എം.പി തന്റെ ചെരിപ്പൂരി എം.എൽ.എയെ മർദ്ദിക്കുകയായിരുന്നു. ഇതോടെ എം.എൽ.എയും തിരിച്ചടിച്ചു.

പൊലീസ് ഇടപെട്ടാണ് ജനപ്രതിനിധികളെ പിന്തിരിപ്പിച്ചത്. ഇതോടെ ഇരുവരും യോഗവേദി വിട്ടു. മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല.