കൽബുർഗി : രാജ്യത്ത് നിന്ന് ഭീകരവാദവും ദാരിദ്ര്യവും തുടച്ചുനീക്കാൻ താൻ ശ്രമിക്കുമ്പോൾ തന്നെ പുറത്താക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
‘താൻ ഭീകരവാദവും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം തന്നെ പുറത്താക്കാനാണു ശ്രമിക്കുന്നത്. രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കണം. ചെറിയ പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. 30 വർഷത്തിനു ശേഷമാണു കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള സർക്കാരുണ്ടാകുന്നത്– മോദി പറഞ്ഞു.
‘വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ പാക്കിസ്ഥാനിൽനിന്ന് എങ്ങനെയാണു രണ്ടുദിവസത്തിനകം തിരിച്ചെത്തിയത് എന്നതിനെപ്പറ്റി ആവർത്തിക്കുന്നില്ല. ശ്രീലങ്കയിൽ മരണത്തെ മുഖാമുഖം കണ്ട തമിഴ്നാട്ടുകാരെ ഇതിനു മുമ്പ് സർക്കാർ രക്ഷിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ 850 ഇന്ത്യക്കാരെ ജയിലിൽനിന്നു മോചിപ്പിക്കാൻ സൗദി അറേബ്യ തയ്യാറായി’– മോദി പറഞ്ഞു.