rafale-deal

ന്യൂഡൽഹി: റാഫേൽ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളുമുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. അഴിമതി ആരംഭിക്കുന്നതും അവസാനിക്കുന്നതും മോദിയിലാണെന്നും റാഫേലുമായി ബന്ധപ്പെട്ട രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന വാദം തെളിവ് നശിപ്പിക്കലാണെന്നും ഇതെല്ലാം അഴിമതി മറച്ചുപിടിക്കാനാണെന്നും രാഹുൽ ആരോപിച്ചു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർണായക പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 'അഴിമതിക്കാരനായ മോദിക്കെതിരെ കുറ്റപത്രം" എന്ന ഹാഷ് ടാഗോഡുകൂടിയാണ് രാഹുൽ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

മോദിക്കെതിരെ കുറ്റപത്രം സമർപ്പിക്കേണ്ട സമയമായെന്ന് കോൺഗ്രസും ഇന്നലെ ആരോപിച്ചിരുന്നു. റാഫേലിലെ കള്ളത്തരവും അഴിമതിയും പുറത്തായെന്നും പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജ്ജേവാല മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.