ന്യൂഡൽഹി : റാഫേൽ വിവാദം കത്തിനിൽക്കുന്നതിനിടെ ഗുജറാത്തിൽ വിമാനത്താവളം നിർമിക്കുന്നതിന് അനിൽ അംബാനിക്ക് 648 കോടിയുടെ കരാർ. രാജ്കോട്ടിലെ ഹിരാസറിൽ വിമാനത്താവളം നിർമിക്കുന്നതിനാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് എയർപോർട്ട് അതോറിട്ട് ഓഫ് ഇന്ത്യ കരാർ നൽകിയത്.
എൽ ആൻഡ് ടി, അഫ്കോൻസ്, ദിലിപ് ബിൽഡ് കൺസ്ട്രക്ഷൻസ്, ഗായത്രി പ്രൊജക്ട് തുടങ്ങി
ഒമ്പതോളം കമ്പനികളെ പിന്തള്ളിയാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കരാർ സ്വന്തമാക്കിയത്. സാങ്കേതിക മികവിൽ 92.2 എന്ന ഉയർന്ന സ്കോറാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടിയത്. വിമാനത്താവള ഡിസൈനിംഗ്, എൻജിനീയറിംഗ്, റൺവേകളുടെ നിർമാണം, ടാക്സിവേ, അപ്രോൺ, ഫയർ സ്റ്റേഷൻ എന്നിവയുടെ നിർമാണം ടെസ്റ്റനിംഗ് ആൻഡ് കമ്മിഷനിംഗ് ഒാഫ് ഇൻസ്ട്രുമെന്റ് ലൈറ്റനിംഗ് സിസ്റ്റം എന്നിവയെല്ലാമാണ് അനിൽ അംബാനിയുടെ കമ്പനി നിർവഹിക്കുക. 30 മാസം കൊണ്ട് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോകുന്ന ദേശീയപാതയുടെ സമീപത്താണ് പുതിയ വിമാനത്താവളം നിർമ്മിക്കുന്നത്.